ലക്ഷ്മി കുട്ടിയെ മർദിക്കുന്ന ദൃശ്യം
ഹൈദരാബാദ്: നാലു വയസുള്ള നഴ്സറി വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ ജീവനക്കാരി അറസ്റ്റിൽ. ഹൈദരാബാദ് ഷാഹ്പുർ നഗറിലെ സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായ ലക്ഷ്മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാലു വയസുകാരിയെ സ്കൂളിലെ ശൗചാലയത്തിന് സമീപം വെച്ച് തലക്കടിക്കുകയും നിലത്ത് ഉരുട്ടുകയും ചെയ്യുന്നതിന്‍റെ ദൃശ്യം പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്കൂൾ പ്രവർത്തനസമയത്തിന് ശേഷമായിരുന്നു സംഭവം.
കുട്ടിയുടെ അമ്മ സ്കൂളിലെ ബസിലെ ജീവനക്കാരിയാണ്. ഇവർ സ്കൂൾ ബസിൽ കുട്ടികളെ കൊണ്ടുവിടാൻ പോയസമയത്താണ് ലക്ഷ്മി കുട്ടിയെ ക്രൂരമായി മർദിച്ചത്. സ്കൂളിന്‍റെ സമീപം താമസിക്കുന്ന വ്യക്തിയാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ലക്ഷ്മിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കുട്ടിയുടെ അമ്മയോടുള്ള വൈരാഗ്യമാണ് ഉപദ്രവത്തിന് പിന്നിലെന്ന് ലക്ഷ്മി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ യുവതിയായതിനാൽ ജോലിയിൽ തനിക്ക് ഭീഷണി നേരിട്ടിരുന്നതായും ഇവർ പറഞ്ഞു. ഇതാണ് കുട്ടിയെ ഉപദ്രവിക്കാൻ കാരണമെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ലക്ഷ്മിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.