ഫെയ്സ്ബുക്ക് വഴി റിക്രൂട്ട്മെന്‍റ്, ലക്ഷങ്ങൾ ശമ്പളവും; ഓൺലൈൻ അശ്ലീല ചിത്ര റാക്കറ്റിന് കുടുക്കിട്ട് ഇഡി
ന്യൂഡൽഹി: നോയ്ഡ ദമ്പതികളുടെ കീഴിൽ അന്താരാഷ്ട്ര തലത്തിൽ സജീവമായിരുന്ന ഓൺലൈൻ അശ്ലീല ചിത്ര റാക്കറ്റിനെ തകർത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്(ഇഡി). ഉജ്ജ്വൽ കിഷോർ, ഭാര്യ നീലു ശ്രീവാസ്തവ എന്നിവരാണ് അശ്ലീല സൈറ്റ് നടത്തിയിരുന്നത്. ഇവരുടെ നോയ്ഡയിലുള്ള വീട്ടിൽ ഇഡി പരിശോധന നടത്തി. 15,66 കോടി രൂപയുടെ അനധികൃത വിദേശ ഫണ്ട് ആണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. റഷ്യയിൽ സമാനമായ റാക്കറ്റിലെ കണ്ണിയായിരുന്ന ഉജ്ജ്വൽ കിഷോർ പിന്നീട് ഇന്ത്യയിലെത്തി ഭാര്യയ്ക്കൊപ്പം റാക്കറ്റിന്‍റെ പ്രർത്തനം വ്യാപിപ്പിക്കുകയായിരുന്നു.
ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ദമ്പതികൾ മോഡലുകളെ റിക്രൂട്ട് ചെയ്തിരുന്നത്. സിർപസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നിയസ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് പ്രമുഖ അഡൾട് കണ്ടന്‍റ് വെബ്സൈറ്റുകളായ എക്സ്ഹാംസ്റ്റർ, സ്ട്രിപ്ചാറ്റ് എന്നിവരുമായി ചേർന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഫെയ്സ്ബുക്കിൽ എച്ചാറ്റോ ഡോട്ട് കോം എന്ന പേജ് വഴി മോഡലുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്. ഈ പേജ് വഴി ഡൽഹിയിൽ നിന്ന് നിരവധി മോഡലുകൾ ഇവരുടെ റാക്കറ്റിൽ കണ്ണികളായി മാറി.
റിക്രൂട്ട്മെന്‍റിന്‍റെ പേരിൽ നോയിഡയിലെ ഫ്ലാറ്റിലേക്ക് എത്തുന്ന മോഡലുകളെ പിന്നീട് വൻ തുക വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിക്കും. മാസം 2 ലക്ഷം രൂപ വരെ മോഡലുകൾക്ക് ശമ്പളമായി നൽകിയിരുന്നു. നോയ്ഡയിലെ വസതിയിൽ നടത്തിയ പരിശോധനയിൽ പ്രൊഫഷണൽ വെബ് ക്യാം സ്റ്റുഡിയോ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് പെൺകുട്ടികളെയാണ് ഇവർ റാക്കറ്റിന്‍റെ ഭാഗമാക്കി മാറ്റിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഓൺലൈൻ കസ്റ്റമേഴ്സിനായി മുഖം പൂർണമായും വ്യക്തമാക്കുന്നത്, പാതി വ്യക്തമാക്കുന്നത്, പൂർണമായും നഗ്നയാകുന്ന എന്നിങ്ങനെ മൂന്നു തരം ജോലികളാണ് മോഡലുകൾക്ക് ഇവർ നൽകിയിരുന്നത്. കസ്റ്റമറുടെ ആവശ്യാർഥം ഇതിൽ മാറ്റം വരുത്തും. കസ്റ്റമേഴ്സ് മുൻപേ പണം നൽകി ടോക്കൺ എടുക്കാറുണ്ട്. ഈ പണത്തിൽ 75 ശതമാനവും ഉജ്ജ്വൽ- നീലു ദമ്പതികൾക്കുള്ളതാണ്. ബാക്കി 25 ശതമാനം മോഡലുകൾക്കും നൽകും.
തുടക്കകാലത്ത് കസ്റ്റമേഴ്സിൽ നിന്ന് ക്രിപ്റ്റോകറൻസിയായാണ് പണം വാങ്ങിയിരുന്നത്. ഇവ പിന്നീട് വിദേശത്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. നെതർലൻഡിലെ ബാങ്ക് അക്കൗണ്ടിലേകക് 7 കോടി രൂപയാണ് ഇവർ മാറ്റിയിരിക്കുന്നത്. പരസ്യം , മാർക്കറ്റിങ് എന്നിങ്ങനെ വ്യാജ വിവരങ്ങൾ നൽകിയാണ് ബാങ്കിൽ പണം ഇടപാടു നടത്തിയിരുന്നത്. പിന്നീട് അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കും.