രാത്രിയിൽ നഗ്നനാക്കി നൃത്തം ചെയ്യിച്ചു, മർദനത്തിനൊപ്പം ലൈംഗികാക്രമണവും; റാഗിങ്ങിനിരയായി പത്താം ക്ലാസുകാരൻ
symbolic image
ബംഗളൂരു: കർണാടകയിൽ ക്രൂരമായ റാഗിങ്ങിനിരയായി പത്താം ക്ലാസുകാരൻ. വിദ്യാർഥിയുടെ രക്ഷിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് സ്കൂൾ ഹോസ്റ്റലിന്‍റെ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ പ്രൈവറ്റ് ഇന്‍റർനാഷണൽ സ്കൂളിലാണ് സംഭവം. സ്കൂൾ പ്രിൻസിപ്പളിലിനെ ചോദ്യം ചെയ്യാനായി സമൻസ് നൽകിയിട്ടുണ്ട്. 10,11,12 ക്ലാസുകളിലെ വിദ്യാർഥികളാണ് പതിനഞ്ചുകാരനെ റാഗ് ചെയ്തത്. കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർഥികളോട് പൊലീസ് അനുമതി ലഭിക്കുന്നതു വരെ ഹോസ്റ്റൽ മുറികളിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
പാതി രാത്രിയിൽ കുട്ടിയെ വിളിച്ചു വരുത്തി നഗ്നനനാക്കി നൃത്തം ചെയ്യിച്ചുവെന്നും നൃത്തം നിർത്തിയപ്പോഴെല്ലാം മർദിച്ചുവെന്നുമാണ് പരാതി. കുട്ടിയെ ലൈംഗികമായി ആക്രമിച്ചതായും പരാതിയിലുണ്ട്. സെപ്റ്റംബർ നാലു മുതൽ ആറു വരെ ഈ റാഗിങ് തുടർന്നു.
അച്ഛനോട് ഫോണിൽ സംസാരിച്ചപ്പോഴാണ് കുട്ടി റാഗിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തിയത്. പരാതി നൽകിയിട്ടും വാർഡനോ പ്രിൻസിപ്പാളോ വേണ്ട ശ്രദ്ധ നൽകാഞ്ഞതിനെത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.