ആർഎസ്എസിനെ പ്രതിക്കൂട്ടിലാക്കിയ ആത്മഹത്യ; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
തിരുവനന്തപുരം: ആർഎസ്എസ് നേതാവിനെ പ്രതിക്കൂട്ടിലാക്കിയ ആത്മഹത്യാക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കാഞ്ഞിരപ്പള്ളി സ്വദേശി അനന്തു അജിയുടെ മരണത്തിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തതിനു ശേഷമാണ് അനന്തു തമ്പാനൂരിലെ ലോഡ്ജിൽ വച്ച് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന എൻഎം എന്ന വ്യക്തിയെ കണ്ടെത്തിയതായും കൂടുതൽ തെളിവുകൾ സ്വീകരിച്ച ശേഷം ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കാനാണ് പൊലീസിന്‍റെ നീക്കം.
അനന്തുവിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അനന്തുവിന്‍റെ ഫോണിൽ നിന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന വിവരങ്ങൾ മാത്രമാണ് കണ്ടെത്താൻ സാധിച്ചിരിക്കുന്നത്. വിഷയത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. ബ്ലോക്ക് തലത്തിൽ ജാഗ്രതാ സദസും സംഘടിപ്പിക്കും.
കടുത്ത വിഷാദവും ഉത്കണ്ഠയുമാണ് ജീവനൊടുക്കാൻ കാരണമെന്നും അതിനു കാരണം ചെറുപ്പത്തിലുണ്ടായ ലൈംഗികാതിക്രമമാണെന്നും അനന്തു 15 പേജു വരുന്ന ആത്മഹത്യാ കുറിപ്പിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എൻഎം എന്നയാളാണ് തന്നെ പീഡിപ്പിച്ചതെന്നും നിരവധി കുട്ടികൾ ഇത്തരം പീഡനത്തിന് ഇരയാണെന്നും കുറിപ്പിലുണ്ട്. ആർഎസ്എസ് ക്യാംപിൽ നിന്ന് ലൈംഗികവും ശാരീരികവുമായ പീഡനം ഉണ്ടായെന്നാണ് കുറിപ്പിൽ വെളിപ്പെടുത്തിയിരിക്കുന്നത്. അമ്മയോടും സഹോദരിയോടും ക്ഷമ ചോദിച്ചു കൊണ്ടുള്ള കുറിപ്പിൽ തനിക്ക് ഉത്കണ്ഠയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുന്നില്ലെന്നും മരുന്നുകൾ ഗുണം ചെയ്യുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്.