മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ യുഎപിഎ ചുമത്തി
തിരുവനന്തപുരം: ഭീകര സംഘടനയായ ഐഎസില്‍ ചേരാൻ പതിനാറുകാരനെ പ്രേരിപ്പിച്ചതിന് അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയും കുട്ടിയും രണ്ടാനച്ഛനും യുകെയിൽ താമസിച്ചു വരികയായിരുന്നു. വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതപരിവർത്തനം നടത്തിയാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐഎസില്‍ ചേരാൻ പ്രേരിപ്പിയ്‌ക്കുകയായിരുന്നു എന്നാണ് കേസ്. കുട്ടി യുകെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം.
തിരികെ ദമ്പതികൾ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള മതപഠനശാലയിലാക്കി. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട മതപഠന ശാല അധികൃതർ കുട്ടിയുടെ മാതാവിന്‍റെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവിന്‍റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് എടുത്തത്.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതായി പൊലീസിന് വ്യക്തമായി ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നേതൃത്തിലാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്ത് നിരോധിത സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാകുന്നതെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ എൻഐഎ വിവരശേഖരണം ആരംഭിച്ചു.