കിരണും വിസ്മയയും വിവാഹദിവസം
ന്യൂഡൽഹി: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും അതിനാൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരൺ കുമാർ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് വർഷമായിട്ടും ഹൈക്കോടതി ഹർജിയിൽ തീരുമാനമെടുക്കാത്തതു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി വരുന്നത് വരെയാണ് പ്രതി കിരണിന് ജാമ്യം അനുവദിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. പത്ത് വർഷം തടവു ശിക്ഷ വിധിച്ച വിധിക്കെതിരേയാണ് പ്രതി കിരൺ അപ്പീൽ നൽകിയിരിക്കുന്നത്.