തിരുവനന്തപുരം: നാഷണൽ എൻജിഒ കോൺഫെഡറേഷനുമായി സഹകരിച്ച് വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ഡയറക്റ്റർ ബോർഡ്. കമ്യൂണിറ്റി ഡെവലപ്മെന്‍റ് ഇനിഷ്യേറ്റിവ് പ്രോജക്റ്റിന്‍റെ ഭാഗമായി വിവിധ പദ്ധതികളിൽ ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ അടച്ചവർക്കുള്ള സേവനങ്ങളും ആനുകൂല്യങ്ങളും കൊടുത്തുതീർക്കാൻ കോൺഫെഡറേഷനും അതിന്‍റെ പ്രോജക്റ്റ് കൺസൾട്ടിങ് ഏജൻസികളും പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്റ്റർ ബോർഡ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.
വിവിധ പ്രോജക്റ്റുകളിലൂടെ ഇതിനകം 13,336 ഇരുചക്ര വാഹനങ്ങളും 26,470 ലാപ്ടോപ്പുകളും വിതരണം ചെയ്തതായും ഇതിൽ അവകാശപ്പെടുന്നു. ഇതുകൂടാതെ 45,876 തയ്യൻ മെഷീനുകളും 15,085 സ്കൂൾ കിറ്റുകളും 6,300 ഹൈടെക് കോഴിക്കൂടുകളും 2,130 തേനീച്ചപ്പെട്ടികളും, 937 വാട്ടർ പ്യൂരിഫയറുകളും ഇതിനകം വിതരണം ചെയ്തു കഴിഞ്ഞെന്നാണ് വാർത്താക്കുറിപ്പിലുള്ളത്. 18,000 കർഷകർക്ക് മൂന്ന് ഘട്ടങ്ങളിലായി 21,000 ടൺ ജൈവ വളം വിതരണം ചെയ്തിട്ടുണ്ടെന്നും വിശദീകരണം.
ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയാണ് നാഷണൽ എൻജിഒ കോൺഫെഡറേഷൻ. സന്നദ്ധ സംഘടനകൾ വഴിയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നതെന്ന് ഇവർ പറയുന്നു.
ഹോണ്ട, യമഹ, ടിവിഎസ്, സുസുക്കി കമ്പനികളുമായി സഹകരിച്ചാണ് സ്ത്രീകൾക്ക് ഇരുചക്ര വാഹനങ്ങൾ നൽകുന്നത്. എച്ച്പിയുമായി സഹകരിച്ച് ലാപ്ടോപ്പുകളും, ഉഷ കമ്പനിയുമായി സഹകരിച്ച് തയ്യൽ മെഷീനുകളും ലഭ്യമാക്കുന്നു.
കേരളത്തിൽ ഇതുവരെ 2076 സന്നദ്ധ സംഘടനകളാണ് എൻജിഒ കോൺഫെഡറേഷന്‍റെ ഭാഗമായി പ്രവർത്തിക്കുന്നത്. 170 ഏജൻസികളിലൂടെയാണ് സുസ്ഥിര വികസന പദ്ധതി നടപ്പാക്കുന്നത്. ആകെ ഒരു ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും കോൺഫെഡറേഷൻ അവകാശപ്പെടുന്നു.