Kerala

അമേയയുടെ കത്തിന് മറുപടി 2 കോടിയുടെ സ്കൂൾ കെട്ടിടം

കളമശേരി: ഒരു കത്തെഴുതുമ്പോൾ ഇത്രയും വലിയൊരു സമ്മാനം മറുപടിയായി കിട്ടുമെന്ന് അമേയ പ്രതീക്ഷിച്ചിരുന്നില്ല. തനിക്കും കൂട്ടുകാർക്കും പഠിക്കാനും കളിക്കാനും കഥ പറയാനുമായി നല്ലൊരു സ്കൂൾ കെട്ടിടം വേണമെന്നായിരുന്നു, വ്യവസായ മന്ത്രിയും കളമശേരി എം.എൽ.എയുമായ പി. രാജീവിനെഴുതിയ കത്തിൽ അമേയ ആവശ്യപ്പെട്ടത്. കിഴക്കേ കടുങ്ങല്ലൂർ ഗവ. എൽ പി സ്കൂളിൽ നാലാംക്ലാസിൽ പഠിക്കുന്ന അമേയ തന്റെ സ്കൂളിനെക്കുറിച്ച് മന്ത്രിക്ക് അയച്ച കത്താണ് ഇനി ആ സ്കൂളിന്റെ മുഖച്ഛായ മാറ്റാൻ പോകുന്നത്. കത്തിൻ്റെ അടിസ്ഥാനത്തിൽ അനുമതി നൽകിയ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച (മാർച്ച് 4) രാവിലെ 9.30 ന് മന്ത്രി പി.രാജീവ് നിർവ്വഹിക്കും.

സ്കൂളിലെ പഴയ കെട്ടിടം പൊളിക്കുന്നതിനാൽ കളിക്കാനും പഠിക്കാനുമൊന്നും സ്ഥലമില്ലെന്ന സങ്കടമായിരുന്നു കത്തിൽ അമേയ പ്രകടിപ്പിച്ചത്. അമേയയുടെ കത്ത് വ്യവസായ മന്ത്രി പി.രാജീവ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറി. കളമശേരിയിലെ വിവിധ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് അതിനകം തന്നെ 16 കോടി രൂപയിലധികം അനുവദിച്ചിരുന്നെങ്കിലും അമേയയുടെ കത്തും സംസ്ഥാന സർക്കാർ ഗൗരവത്തിലെടുത്തു. പുതിയ സ്കൂൾ കെട്ടിടത്തിന് അനുമതിയും നൽകി. 2 കോടി രൂപയാണ് കെട്ടിടത്തിന് സർക്കാർ അനുവദിച്ചത്. 18.64 കോടി രൂപയുടെ നിർമ്മാണ - വികസന പദ്ധതികളാണ് കളമശേരി മണ്ഡലത്തിലെ സ്കൂളുകളിൽ പുരോഗമിക്കുന്നത്.

പുതിയ കെട്ടിടം ലഭിച്ച വിവരം അത്യധികം സന്തോഷത്തോടെയാണ് അമേയയും കൂട്ടുകാരും സ്വീകരിച്ചത്. കമ്പ്യൂട്ടർ ലാബ് , സ്റ്റേജ്, 6 ക്ളാസ് മുറികൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ കെട്ടിടത്തിൽ ഉണ്ടാകും. അതിവേഗത്തിൽ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം

കേരളത്തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്