25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റില്‍ മുന്തിയ പരിഗണന നല്‍കി മുഖ്യമന്ത്രി വി.ഡി. സതീശന്‍. 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി, കാന്‍സര്‍-പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള പദ്ധതികള്‍, പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എല്ലാ പദ്ധതികള്‍ക്കുമായി ആകെ 2076 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുക. കൂടാതെ കാസര്‍കോട്, ഇടുക്കി, മഞ്ചേരി എന്നീ മെഡിക്കല്‍ കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നടപടികളും സ്വീകരിക്കും. ഈ പദ്ധതികള്‍ക്കായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി റീച്ച് കേരള എന്ന പദ്ധതി നടപ്പാക്കും. തിരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കും. സ്‌കൂളുകളില്‍ ഹെല്‍ത്ത് ബ്രിഗേഡും രൂപീകരിക്കും. അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിക്ക് മരുന്ന് ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിക്കും.
മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യം ഉറപ്പാക്കാനുള്ള വിശദമായ പദ്ധതികളും ബജറ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് പുതുതായി രൂപീകരിച്ച വയോജനവകുപ്പിന് 10 കോടി രൂപ അനുവദിച്ചത്. വയോജനങ്ങളെ പരിചരിക്കുന്നത് എങ്ങനെയെന്ന് ശാസ്ത്രീയമയി പഠിപ്പിക്കുന്ന കെയര്‍ ഗിവര്‍ കോഴ്‌സുകള്‍ സര്‍ക്കാര്‍-സ്വകാര്യ നഴ്‌സിങ് കോളേജുകളിലും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലുമാണ് ആരംഭിക്കുക. ആറു മാസമായിരിക്കും കോഴ്‌സിന്റെ കാലാവധി. കൂടാതെ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വയോജന പാര്‍ക്കുകളും ഫിറ്റ്‌നസ് സെന്ററുകളും ഏര്‍പ്പെടുത്തും.
കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി ബജറ്റിലെ മറ്റൊരു പ്രധാന പദ്ധതിയാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുകയും മെഡിക്കല്‍ വിഭ്യാഭ്യാസവും ഗവേഷണവും മെഡിക്കല്‍ ടൂറിസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. 100 കോടി രൂപയാണ് പദ്ധതി വകയിരുത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.