''ഭയന്ന് ഓടിപ്പോകില്ല, വിളിച്ചിരുത്തി സംസാരിക്കാൻ മര്യാദ കാട്ടണം'': സസ്പെൻഷന് പിന്നാലെ വിമർശനവുമായി ലാലി ജെയിംസ്
തൃശൂർ: പണപ്പെട്ടി വാങ്ങി മേയർ പദവി നൽകിയെന്ന ആരോപണത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നിലെ തൃശൂർ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി ലാലി ജെയിംസ്. കാര്യങ്ങൾ പറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദയാണ് കാട്ടേണ്ടതെന്ന് ലാലി പറഞ്ഞു.
ഇപ്പോഴത്തെ നടപടി ശിരസ്സാവഹിക്കും, സസ്പെൻഡ് ചെയ്തതിൽ ഭയന്നു താൻ ഓടിപ്പോകില്ല. പാർട്ടിക്കൊപ്പം എന്നും നിൽക്കുമെന്നും ലാലി പറഞ്ഞു. സ്ഥാനമോഹിയല്ല പക്ഷേ അനീതിക്കെതിരെ എന്നും പ്രതികരിച്ചിട്ടുണ്ട്. മേയർ പദവിയെ കുറിച്ച് കേട്ട അനീതി പൊതുജനത്തെ അറിയിക്കുകയാണ് ചെയ്തത്. ഫണ്ട് വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു എന്നാൽ, പറ്റില്ലെന്നു അറിയിച്ചിരുന്നതായും ലാലി പറഞ്ഞു. മേയർപദവിക്ക് പണപ്പെട്ടി നൽകിയെന്നതു കേട്ട കാര്യം മാത്രമാണ്, അല്ലാതെ താൻ പണപ്പെട്ടി കണ്ടിട്ടില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
തൃശൂർ മേയറായി നിജി ജെസ്റ്റിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ലാലി രംഗത്തെത്തിയത്. മേയറാവണമെങ്കിൽ പണം നൽകണമെന്ന് നേതാക്കൾ തന്നോട് ആവശ്യപ്പെട്ടുവെന്നും പെട്ടിയിൽ കാശെത്തിച്ചവർക്ക് മേയർ പദവി വിറ്റെന്നും ലാലി പറഞ്ഞിരുന്നു. 4 വട്ടം കൗൺസിലറായ തനിക്കു മേയർ പദവിക്ക് അർഹതയുണ്ടെന്നും എന്നാൽ സാധാരണക്കാരി ആയതിനാൽ പരിഗണിച്ചില്ലെന്നും ലാലി പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വെള്ളിയാഴ്ച രാത്രിയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലാലി ജെയിംസിനെ കോൺഗ്രസിൽനിന്നും സസ്പെൻഡ് ചെയ്തത്.