റെജീന, ജോസഫിൻ
കോട്ടയം: കോട്ടത്ത് കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. പൂഞ്ഞാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തെക്കേക്കരയിൽ പയ്യാനിത്തോട്ടത്ത് മണപ്പാട് വീട്ടിൽ ജോണിയുടെ ഭാര്യ റെജീന (50), മകൻ ജോസഫിൻ ജോണി (28) എന്നിവരാണ് മരിച്ചത്.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഈരാറ്റുപേട്ടയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കനത്ത മഴയിൽ ഉരുൾപൊട്ടലിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, എരുമേലി ജനവാസ മേഖലകളിൽ വെള്ളം പൊങ്ങിയതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി.
പൂഞ്ഞാറിൽ ശനിയാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കത്തിൽ ഈരാറ്റുപേട്ട ടൗൺ പൂർണമായും ഒറ്റപ്പെട്ടു. 2018ലെ പ്രളയത്തേക്കാൾ വലിയ അളവിലാണ് നഗരത്തിൽ വെള്ളം ഉയർന്നതെന്ന് നാട്ടുകാർ പറയുന്നു.
നടക്കൽ, മുരിക്കോലി ഭാഗങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിലായി. വീടുകളുടെ രണ്ടാം നിലയിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് ഗതാഗതം പൂർണമായി തടസപ്പെട്ടു.
കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു:
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റുമുകള്‍ തുറന്നു. ഫോണ്‍ നമ്പരുകള്‍ ചുവടെ.
ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871