തിരുവനന്തപുരം: ഓണക്കാലത്തെ ടിക്കറ്റ് പ്രതിസന്ധി നേരിടാൻ ബെംഗളൂരു മലയാളികൾക്ക് കൈത്താങ്ങുമായി റെയ്ൽവേയുടെ പുതിയ പ്രഖ്യാപനം. ഐടി നഗരമായ ബെംഗളൂരുവിൽ നിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നാട്ടിലേക്ക് വരാൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മലയാളി യാത്രക്കാരെ സഹായിക്കാൻ 8 സ്പെഷ്യൽ ട്രെയ്നുകളുടെ സർവീസുകൾ ഓഗസ്റ്റ് അവസാനം വരെ നീട്ടി.
സൗത്ത് വെസ്റ്റേൺ റെയ്ൽവേ പുറപ്പെടുവിച്ച ഈ പുതിയ ഉത്തരവ് വരാനിരിക്കുന്ന ഓണം സീസണിലെ യാത്രാ ക്ലേശത്തിന് വലിയ തോതിൽ ആശ്വാസമേകും. ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുന്ന ഓണം തിരക്ക് മുന്നിൽക്കണ്ട് മാസങ്ങൾക്ക് മുമ്പേ തന്നെ ട്രെയ്നുകളിലെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. ടിക്കറ്റ് പ്രതിസന്ധി മൂലം നാട്ടിലേക്ക് വരാൻ മറ്റ് വഴികളില്ലാതെ ആശങ്കയിലായിരുന്ന ബെംഗളൂരു, ഹുബ്ബള്ളി മേഖലകളിലെ മലയാളികൾക്ക് ഈ സ്പെഷ്യൽ ട്രെയ്നുകളുടെ കാലാവധി നീട്ടിയത് ബദൽ യാത്രാ സൗകര്യമൊരുക്കും.
06523 എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ്: തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ഈ ട്രെയ്ൻ ഓഗസ്റ്റ് 31 വരെ സർവീസ് നടത്തും. 06524 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ: ചൊവ്വാഴ്ചകളിലുള്ള ഈ മടക്ക സർവീസ് സെപ്റ്റംബർ ഒന്നാം തീയതി വരെ നീട്ടിയിട്ടുണ്ട്. 06547 എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ: ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന ഈ ട്രെയ്ൻ ഓഗസ്റ്റ് 26 വരെ ദീർഘിപ്പിച്ചു.
06548 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ: വ്യാഴാഴ്ചകളിലുള്ള ഈ സർവീസ് ഓഗസ്റ്റ് 27 വരെ ലഭ്യമാകും. 06555 എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ: വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ഈ പ്രത്യേക ട്രെയ്ൻ ഓഗസ്റ്റ് 28 വരെ ഓടും.
06556 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ: ഞായറാഴ്ചകളിലുള്ള ഈ മടക്ക സർവീസ് ഓഗസ്റ്റ് 30 വരെ നീട്ടി നൽകി.
07313 ഹുബ്ബള്ളി - കൊല്ലം സ്പെഷ്യൽ: ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ഈ ട്രെയ്ൻ ഓഗസ്റ്റ് 30 വരെ സർവീസ് തുടരും.
07314 കൊല്ലം - ഹുബ്ബള്ളി സ്പെഷ്യൽ: തിങ്കളാഴ്ചകളിൽ മടക്ക സർവീസ് നടത്തുന്ന ഈ ട്രെയ്നിന്റെ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി. ഓണം പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐടി ജീവനക്കാർക്കും വിദ്യാർഥികൾക്കും വാരാന്ത്യങ്ങളിലെ തിരക്ക് പൂർണമായും ഒഴിവാക്കാൻ സ്പെഷ്യൽ ട്രെയ്നുകൾ സഹായിക്കും. ഈ സർവീസുകളിലേക്കുമുള്ള മുൻകൂർ ടിക്കറ്റ് റിസർവേഷൻ ഐആർസിടിസി ആപ്പിലും കൗണ്ടറുകളിലും ഉടൻ തന്നെ ആരംഭിക്കുമെന്നും റെയ്ൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.