വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടി തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടികൾ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയറാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് റിപ്പോർട്ട് കൈമാറും. വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങി. ഈയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്ന ഊമ കത്തിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
നേരത്തെ ഈ കത്ത് കിട്ടിയതില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്‍റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ആരോപണം. നടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യ ഘട്ട കുറ്റപത്രത്തിലുള്ളത്.
6 പ്രതികളും ഈ ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. തുടരന്വേഷണം വേണമെന്ന് ആദ്യഘട്ട കുറ്റപത്രത്തിൽ ശുപാർശയുണ്ടെങ്കിലും ദൃശ്യങ്ങൾ പകർത്തിയ ഫോണും മെമ്മറി കാർഡും കണ്ടെത്താനെന്നാണ് വിശദീകരണം. ജയിലിൽക്കിടന്ന് പൾസർ സുനി അയച്ച കത്തിനെ ആസ്പദമാക്കി മാത്രമാണോ ദിലീപിലേക്ക് അന്വേഷണം എത്തിയതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിക്കുന്നുണ്ട്.