ലക്ഷ്മി ആർ മേനോൻ
കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടികൊണ്ടുപോയ കേസിൽ നടി ലക്ഷ്മി ആർ മേനോന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ലക്ഷ്മി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി നിർദേശം. ജാമ്യ ഹർജി ഓണം അവധിക്ക് ശേഷം കോടതി പരിഗണിക്കും. ബാറിലെ തർക്കത്തിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് നടി ലക്ഷ്മി ആർ മേനോനെ പ്രതിയാക്കി നോർത്ത് പൊലീസ് കേസെടുത്തത്.
ഞായറാഴ്ച രാത്രിയാണ് എറണാകുളം വെലോസിറ്റി ബാറിൽ പരാതിക്കാരനായ യുവാവും ലക്ഷ്മി മേനോന്‍റെ സുഹൃത്തുക്കളും തമ്മിൽ തർക്കം ഉണ്ടാകുന്നത്. ബാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവിനെ കാറ് വട്ടമിട്ട് നിർത്തി ലക്ഷ്മി മേനോനും സംഘവും തട്ടിക്കൊണ്ടുപോയി. കാറിൽ വച്ച് യുവാവിനെ ക്രൂരമായി മർദിച്ചെന്നായിരുന്നു പരാതിയിൽ പറയുന്നത്. നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ മിഥുൻ, സോനമോൾ, അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിസിടിവി പരിശോധിച്ചതിൽ നിന്നാണ് നടിയ്ക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായത്. ഇതോടെ കേസിൽ മൂന്നാം പ്രതിയാക്കുകയായിരുന്നു. ലക്ഷ്മി മേനോനായി ചൊവ്വാഴ്ച പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ ഒളിവിൽ എന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പരാതിക്കാരന്‍ ബാറില്‍ വച്ച് അസഭ്യം പറഞ്ഞെന്നും തനിക്കെതിരേ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയെന്നുമാണ് ലക്ഷ്മി ആര്‍ മേനോന്‍ കോടതിയിൽ നൽകിയ മൂൻകൂർ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞത്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും പരാതിക്കാരന്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് തങ്ങളെ തടഞ്ഞുവെന്നും. പരാതിക്കാരന്‍ ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി ആരോപിച്ചു.
കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരന്‍ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കമെന്നും കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. ഐ ടി ജീവനക്കാരന്‍ ഉള്‍പ്പെട്ട സംഘത്തില്‍ ഒരു തായ്‌ലാന്‍ഡ് യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി ഉള്‍പ്പെട്ട സംഘത്തിലെ ചിലര്‍ അധികസമയം സംസാരിച്ചതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ബാറിന് പുറത്തുവച്ച് തര്‍ക്കം രൂക്ഷമായതോടെ ഐടി ജീവനക്കാരന്‍ ഉള്‍പ്പെട്ട സംഘത്തിലെ ഒരാള്‍ ബിയര്‍ ബോട്ടില്‍ വലിച്ചെറിഞ്ഞു. പിന്നാലെയാണ് കാര്‍ തടഞ്ഞുനിര്‍ത്തി ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ വെടിമറയില്‍ എത്തിച്ച് മര്‍ദിച്ച ശേഷം പറവൂര്‍ കവലയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഘത്തിന്‍റെ കാറില്‍ ഉണ്ടായിരുന്ന ലക്ഷ്മി ആലുവയില്‍ ഇറങ്ങിയശേഷമാണ് യുവാവിനെ വെടിമറയില്‍ എത്തിച്ചു മര്‍ദിച്ചത്.