എഡിജിപി എം.ആർ. അജിത് കുമാർ

 
Kerala

ട്രാക്റ്റർ വിവാദം: അജിത് കുമാറിന് സ്ഥാനചലനം

പൊലീസ് ബറ്റാലിയനിൽ നിന്ന് എക്സൈസ് കമ്മിഷണർ സ്ഥാനത്തേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്

Thiruvananthapuram Bureau

തിരുവന്തപുരം: വിവാദ നായകനായ എഡിജിപി എം.ആര്‍. അജിത് കുമാറിനെ പൊലീസില്‍ നിന്ന് ഒഴിവാക്കി മുഖം രക്ഷിക്കാൻ സർക്കാർ ശ്രമം. എക്‌സൈസ് കമ്മീഷണറായാണ് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്ന അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് നേരത്തേ സർക്കാർതലത്തിൽ ചർച്ച നടന്നിരുന്നു.

ഏറ്റവും ഒടുവിലെ ശബരിമല ട്രാക്റ്റര്‍ യാത്ര വിവാദമായതിനു പിന്നാലെയാണ് അജിത് കുമാറിനെതിരായ നടപടി. സംഭവത്തില്‍ എഡിജിപി അജിത്കുമാറിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാന പൊലീസ് മേധാവി നടപടിക്കും ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. നിലവിലുള്ള എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സയുമായി ബന്ധപ്പെട്ട് അവധിയിലാണ്. ആ ഒഴിവിലേക്കാണ് പുതിയ നിയമനം.

ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്. അജിത് കുമാറിനെ ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. ഇക്കഴിഞ്ഞ മേയിൽ അജിത്കുമാറിനെ എക്സൈസ് കമ്മിഷണറാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് ഒരാഴ്ചയ്ക്കം സർക്കാർ പിൻവലിച്ചു. സായുധ സേന എഡിജിപിയായി ആയാണ് അജിത്കുമാർ പൊലീസ് സേനയിലേക്ക് മടങ്ങിയെത്തിയത്.

അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങി ഒട്ടേറെ വിവാദങ്ങളിൽ ഇടംപിടിച്ചു നടപടി നേരിട്ട എം.ആർ.അജിത് കുമാർ 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. 2028 വരെയാണ് ഇദ്ദേഹത്തിനു സർവീസ് ഉള്ളത്. എഡിജിപി നടത്തിയത് ഗുരുതര നിയമലംഘനമാണ് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ പമ്പ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റിയിരിക്കുന്നത്.

ഇതോടൊപ്പം ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വിവാദമായ പശ്ചാത്തലത്തില്‍ ജയില്‍ വകുപ്പിലും കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പിൽ നിന്നും ലഭിക്കുന്ന സൂചന.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു