നമ്പി രാജേഷിന്‍റെ കുടുംബം എയർ ഇന്ത്യക്കെതിരേ നിയമനടപടിക്ക്  
Kerala

നമ്പി രാജേഷിന്‍റെ കുടുംബം എയർ ഇന്ത്യക്കെതിരേ നിയമനടപടിക്ക്

നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അല്ലെന്നാണ് വിമാനക്കമ്പനിയുടെ മറുപടി

തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാർ സമരത്തിലായിരുന്ന കഴിഞ്ഞ മാസം മസ്‌കറ്റില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്‍റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അല്ലെന്നും മറുപടിയില്‍ വ്യക്തമാ‌ക്കി.

രോഗബാധിതനായി കഴിഞ്ഞിരുന്ന രാജേഷിനെ കാണാന്‍ മസ്കറ്റിലേക്കു പോകാന്‍ ഭാര്യ ടിക്കറ്റ് എടുത്തിരുന്നെങ്കിലും എയര്‍ ഇന്ത്യ എക്സ്പ്ര‍സ് ജീവനക്കാരുടെ സമരം മൂലം സാധിച്ചില്ല. ആൻജിയോപ്ലാസ്റ്റിക്കു വിധേയനായി ആശുപത്രിയിലായ രാജേഷിന്‍റെ അടുത്തെത്താന്‍ ഭാര്യ അമൃത ടിക്കറ്റ് എടുത്തെങ്കിലും വിമാനക്കമ്പനി ജീവനക്കാരുടെ പണിമുടക്കു കാരണം രണ്ട് ദിവസവും യാത്ര മുടങ്ങി. ഭര്‍ത്താവിനെ പരിചരിക്കാന്‍ എത്രയും പെട്ടെന്ന് മസ്‌കറ്റില്‍ എത്തണമെന്നു രാജേഷ് ജോലി ചെയ്തിരുന്ന സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാൽ, ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുകയോ മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് തരപ്പെടുത്തുകയോ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെയ്തില്ല. മേയ്13ന് നമ്പി രാജേഷ് മരിക്കുകയും ചെയ്തു.

തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ചെങ്കിലും കുടുംബത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് ആവശ്യം വ്യക്തമാക്കി ഇ–മെയില്‍ അയയ്ക്കാന്‍ വിമാനക്കമ്പനി ഉദ്യോഗസ്ഥര്‍ കുടുംബത്തോട് നിര്‍ദേശിച്ചു. അഞ്ചും മൂന്നും വയസുള്ള രണ്ടു കുട്ടികളുണ്ടെന്നും കുടുംബത്തിന്‍റെ അത്താണിയായ ഭര്‍ത്താവിന്‍റെ അകാല വിയോഗത്തെ തുടര്‍ന്നു ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നുമാണ് എയര്‍ ഇന്ത്യ എക്സ്‌പ്രസിന് അയച്ച മെയിലില്‍ അമൃത ആവശ്യപ്പെട്ടത്. തന്‍റെ സാമീപ്യവും പരിചരണവും ലഭിച്ചിരുന്നെങ്കില്‍ ഭര്‍ത്താവിന് ഈ ഗതി വരില്ലായിരുന്നുവെന്നും പറഞ്ഞിരുന്നു.

എന്നാല്‍ അമൃതയുടെ ആവശ്യം തള്ളുന്ന സമീപനമാണ് എയര്‍ ഇന്ത്യ എക്സ്‌പ്രസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ, പെരുവഴിയിലായ അവസ്ഥയാണെന്നും ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയില്ലെന്നും അമൃത പറയുന്നു. "താനൊരു വിദ്യാര്‍ഥിയാണ്. മക്കളുടെ പഠനം ഉള്‍പ്പെടെ എങ്ങനെ നടത്തും? വീട്ടുവാടക കൊടുക്കാന്‍ പോലും പണമില്ല. ഭര്‍ത്താവിന് കൃത്യസമയത്ത് പരിചരണം കൊടുക്കാന്‍ കഴിഞ്ഞില്ല. രാജേഷിന്‍റെ മരണത്തിൽ വിമാനക്കമ്പനിക്ക് ഉത്തരവാദിത്തമുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ നിയമനടപടി സ്വീകരിക്കും'' - അമൃത പറഞ്ഞു.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല; ഭർതൃ വീട്ടുകാർ യുവതിയെ കത്തിച്ചു

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി