സുഹൈല്‍ ഷാജഹാന്
file image
തിരുവനന്തപുരം: എകെജി സെന്‍റർ ബോംബാക്രമണകേസിലെ പ്രതി സുഹൈൽ ഷാജഹാന് വിദേശത്ത് പോകാൻ അനുമതി നിഷേധിച്ച് കോടതി. പാസ്പോർട്ട് വിട്ടു കിട്ടാനും വിദേശത്തേക്ക് യാത്ര പോകാനും അനുമതി ചോദിച്ചു സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേട്ട് കോടതി ജഡ്ജി ടാനിയ മറിയം ജോസ് ആണ് വിധി പറഞ്ഞത്.
ബിസിനസ് ആവശ്യത്തിനും ബന്ധുക്കളെ കാണാനും വിദേശത്തേക്കു പോകാൻ അനുമതി നൽകണം എന്നും ഇതിനായി പാസ്പോർട്ട് തിരികെ തരണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ പ്രോസിക്യൂഷൻ ഈ ആവശ്യത്തെ ശക്തമായി എതിർത്തു.
കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സുഹൈൽ ആണ് മറ്റു പ്രതികളെ കൊണ്ട് കൃത്യം ചെയ്യിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതിയെ പിന്നീട് ഡൽഹി വഴി നേപ്പാളിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.
ആവശ്യം അംഗീകരിച്ചാൽ പ്രതി വീണ്ടും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. മനു കല്ലമ്പള്ളി വാദിച്ചു. ഇതോടെ സുഹൈലിന്‍റെ ഹർജി കോടതി തള്ളുകയായിരുന്നു.