അമിത് ഷാ
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. കേരളത്തിന്‍റെ വികസനമാണ് ബിജെപിയുടെ ലക്ഷ‍്യമെന്നും, എന്നാൽ സിപിഎമ്മിന്‍റെ വികസനം അണികളുടെ മാത്രം വികസനമാണെന്നും അമിത് ഷാ പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി വാർഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിനും യുഡിഎഫിനും കേരളം ഒരുപാട് അവസരങ്ങൾ നൽകിയെന്നും, എന്നാൽ അക്രമവും അഴിമതിയും പ്രീണനവുമാണ് അവർ തിരിച്ച് നൽകിയതെന്നും അമിത് ഷാ ആരോപിച്ചു.
പിണറായി വിജയൻ സർക്കാർ നൂറുകണക്കിന് അഴിമതി നടത്തിയെന്നും, സ്വർണക്കടത്ത് സർക്കാർ സ്പോൺസേർഡ് അഴിമതിയാണെന്നും അമിത് ഷാ. ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് നേടുമെന്ന് അവകാശപ്പെട്ട അമിത് ഷാ, നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രവർത്തകരോട് ആഹ്വാനവും ചെയ്തു.