ഷൗക്കത്തലി
തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിഷാ ഡ്രൈവർ ഷൗക്കത്ത് അലി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഗതാഗത സെക്രട്ടറി ടി.വി. അനുപമ അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രി സി.പി. ജോണിന് കൈമാറി. കൈക്കൂലി നൽകാത്തതിനാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്ഥാപിത താത്പര‍്യങ്ങളോടെ ഉദ‍്യോഗസ്ഥൻ ബോധപൂർവം ഉദ‍്യോഗസ്ഥൻ അപേക്ഷ നിരസിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഷൗക്കത്തലി ആത്മഹത‍്യ ചെയ്തത്.
ഷൗക്കത്തലിയുടെ വാഹനത്തിൽ നിയമവിരുദ്ധമായി മൂന്നു മാറ്റങ്ങൾ വരുത്തിയതായി പരിശോധനയിൽ എഎംവിഐ എൻ. പ്രേംകുമാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് അപാകതകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ ഉദ‍്യോഗസ്ഥൻ ആവശ‍്യപ്പെടുകയായിരുന്നു.
എന്നാൽ 1989ലെ കേരള മോട്ടോർ വാഹന ചട്ടത്തിലെ 110ാം ചട്ട പ്രകാരം അപേക്ഷ നിഷേധിച്ച കാര‍്യം ഔദ‍്യോഗിക സിഎഫ്ആർആർ ഫോമിൽ രേഖപ്പെടുത്തി അപേക്ഷകന് രേഖാമൂലം തിരിച്ചുനൽകിയിരുന്നില്ല. ഈ ചട്ടലംഘനവും വീഴ്ചയും വരുത്തിയതിനെ തുടർന്ന് പ്രേംകുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം വിശീകരണം തേടി തുടർനടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.