ബി അശോക് ഐഎഎസ്
തിരുവനന്തപുരം: അനുമതിയില്ലാതെ മാധ്യമങ്ങളിൽ പ്രതികരിച്ചത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയുള്ള സസ്‌പെൻഷൻ ഉത്തരവ് ലഭിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോക്. നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്നും സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് സസ്‌പെൻഷൻ നടപടിയെന്നും അശോക് മാധ്യമങ്ങളോട് പറഞ്ഞു.
ജനം പുറത്താക്കിയ സർക്കാരിന്‍റെ സസ്‌പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ. കാരണമില്ലാത്ത ഉത്തരവായത് കൊണ്ട് തന്നെ അത് പുതിയ സർക്കാർ വരുമ്പോൾ പിൻവലിക്കപ്പെടുമെന്നും തിരികെ സർവീസിൽ പ്രവേശിക്കുമെന്നുമാണ് കരുതുന്നതെന്നും അശോക് പറഞ്ഞു. മറ്റ് നടപടിയൊന്നും ആവശ്യമില്ല. കോടതിയിലേക്കോ ട്രിബ്യൂണിലിലേക്കോ പോകുന്നില്ല. കഴിഞ്ഞ ജനു 25 മുതൽ പൊതുഭരണ വകുപ്പിൽ നിന്നും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന നീക്കത്തിന്‍റെ ഭാഗമായാണ് ഇതിനെ കാണുന്നത്.
അഞ്ച് തവണ മുഖ്യമന്ത്രിയെ ട്രിബ്യൂണലിൽ കയറ്റി. മുഖ്യമന്ത്രിയുടെ ചട്ടവിരുദ്ധമായ മുഴുവൻ നടപടികളും റദ്ദ് ചെയ്യിച്ചു. അഖിലേന്ത്യാ സർവീസ് ചട്ടം അനുസരിച്ചേ കേരളത്തിൽ ഐഎഎസ് കേഡർ നടത്താനാവൂ എന്ന ഉത്തരവ് സർക്കാരിന് വലിയ വൈക്ലബ്യമുണ്ടാക്കി. 2025 മുതൽ തന്നെ സർക്കാരിന് പുറത്തേ് ഓടിക്കാൻ ഉടായിപ്പുകളും തന്ത്രങ്ങളും രൂപീകരിച്ചു. തദ്ദേശ വകുപ്പ് രൂപീകരിച്ച കമ്മീഷനിലും കെടിഡിഎഫ്‌സി ചെയർമാൻ എന്നിവിടങ്ങളിൽ നിയമിക്കാനുള്ള സർക്കാർ നീക്കങ്ങൾ ട്രിബ്യൂണൽ റദ്ദാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
സർക്കാരിന്‍റെ നാണം കെട്ട പരാജയം മറയ്ക്കാൻ താൻ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തി എന്ന് പറഞ്ഞാണ് തനിക്ക് സസ്‌പെൻഷൻ തന്നത്. സർക്കാർ ഉദ്യോഗസ്ഥർ തന്‍റെ അടിമ വേലക്കാരാണെന്നും തന്നെ പുകഴ്ത്തിപ്പാടാൻ മാത്രം ജനിച്ചിട്ടുള്ളവരാണെന്നും കോറസായുള്ള വാഴ്ത്ത് പാട്ട് മാത്രം നടത്താമെന്ന ചിലരുടെ മനോഭാവമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ നവംബർ മുതൽ തുടർഭരണം ഉറപ്പാക്കാൻ കിഫ്ബി മേധാവിയും ഉദ്യോഗസ്ഥരും ചേർന്ന് കടമെടുത്ത കിഫ്ബി ഫണ്ടടക്കമുള്ള പൊതുപണം ഉപയോഗപ്പെടുത്തി വിപുലമായ പബ്‌ളിസിറ്റി ക്യാംപെയ്ൻ നടത്തി. ഇക്കാര്യങ്ങൾ പരമാർശിച്ചതാണ് തനിക്കെതിരെ സസ്‌പെൻഷൻ ഉത്തരവ് വന്നത്. കിഫ്ബിക്ക് ഇങ്ങനെ ക്യാംപെയ്ൻ നടത്താൻ ഒരു അധികാരവുമില്ല. 130 കോടിയുടെ ക്യാംപെയ്നാണ് തയ്യാറാക്കിയിരുന്നത്. കിഫ്ബിയുടെ കടമെടുപ്പ് ബോണ്ടുകൾക്ക് കൂടുതൽ റേറ്റിങ് കിട്ടാനാണ് പരസ്യമെന്ന വാദം യാഥാർഥ്യമല്ല.
സർക്കാരിന്‍റെ ഫണ്ടുകളുടെ കാര്യത്തിൽ വലിയ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നുവെന്നുള്ളതിൽ സംശയമില്ല. മുണ്ടക്കൈ പുനരധിവാസ പദ്ധതി ഒരു വർഷത്തോളം ഒന്നും സംഭവിച്ചില്ല. പത്രവാർത്തകൾ വന്നതോടെയാണ് പിരിഞ്ഞുകിട്ടിയ 740 കോടിയുമായി സർക്കാർ രംഗത്തിറങ്ങിയത്. ഉരാളുങ്കലിനെയും കിഫ്‌കോണിനെയും കൺസൾട്ടൻസാക്കി കൊണ്ട് വളരെ പെട്ടന്ന് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. ഇത് ചർച്ചയ്ക്ക് വന്നപ്പോൾ 300 കോടി ചെലവഴിക്കുന്ന പദ്ധതിയിൽ ടെണ്ടർ നടത്തണ്ടേയെന്നും കിഫ്‌കോൺ അക്രഡിറ്റഡ് ഏജൻസിയാണോ എന്നും അവർക്ക് മുൻ പരിചയമുണ്ടോ എന്നും താൻ ചോദിച്ചു. ഇതോടെ അവിടെ ചർച്ച അവസാനിച്ചു.
ചീഫ് സെക്രട്ടറി യോഗം പിരിച്ചു വിട്ടു. തൊട്ടടുത്ത ബുധനാഴ്ച്ച അവർ തന്നെ തദ്ദേശഭരണ കമ്മീഷനിൽ നിയമിക്കുകയും ചെയ്തു. അവർ മുന്നോട്ട് പോയി. എന്നാൽ നൽകിയ നാൽപത് വീടുകളിൽ രണ്ടിടത്ത് വിള്ളലും ചോർച്ചയും റിപ്പോർട്ട് ചെയ്തുവെന്നും അശോക് ചൂണ്ടിക്കാട്ടി.