തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹതയെന്ന് പൊലീസ്. സംഭവം കൊലപാതകമെന്ന ഉറച്ച നിഗമനത്തിലാണ് അന്വേഷണ സംഘം. കസ്റ്റഡിയിൽ കഴിയുന്ന കുടുംബാംഗങ്ങളുടെ മൊഴികളിൽ വലിയ വൈരുധ്യങ്ങളുണ്ടെന്നും പുറത്തു നിന്നും ഒരാൾ വന്ന് കൊല്ലാനുള്ള യാതൊരു സാധ്യതയും നിലനിൽക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
പുറത്ത് ഒരാളെ കണ്ടുവെന്നും, കുട്ടി തനിച്ച് ഒരു മുറിയിലാണ് കിടന്നിരുന്നതെന്നും അടക്കമുള്ള കാര്യങ്ങളാണ് അമ്മ ശ്രീതു മൊഴി നൽകിയിരിക്കുന്നത്. കുട്ടിയെ കാണാതാവുന്നതിനു മുൻപായി വീട്ടിൽ തീപിടിത്തമുണ്ടായിരുന്നതായും വീട്ടിൽ കുരുക്കിട്ട കയർ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. എന്നാൽ കൂട്ട ആത്മഹത്യയ്ക്കുള്ള ശ്രമമാവാമെന്ന സാധ്യത പൊലീസ് നിലവിൽ പരിഗണിക്കുന്നില്ല.
16 ദിവസം മുൻപാണ് കുട്ടിയുടെ മുത്തച്ഛൻ, അതായത് ശ്രീതുവിന്‍റെ പിതാവ് മരിച്ചത്. പിന്നാലെ 30 ലക്ഷം രൂപ മോഷണം പോയതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരിശോധനയ്ക്ക് പിന്നാലെ പരാതി വ്യജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശ്രീതുവും ശ്രീജിത്തും ശ്രീതുവിന്‍റെ സഹോദരനും അടക്കം ഇപ്പോൾ പൊലീസ് സ്റ്റേഷനിലുണ്ടെന്നാണ് വിവരം.
ബാലരാമപുരത്ത് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്‍റെ മുത്തശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവർ ഞരമ്പ് മുറിക്കുകയും കിണറ്റിൽ ചാടുകയും ചെയ്തുവെന്നും നാട്ടുകാർ ആരോപിക്കുന്നു.