ബി. ഗോപാലകൃഷ്ണൻ, സുരേഷ് ഗോപി

 
Kerala

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് വോട്ട് ചേർത്തിട്ടുണ്ടെന്നും, ഇതിൽ തെറ്റൊന്നുമില്ലെന്നും ബിജെപി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണൻ.

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ വെളിപ്പെടുത്തൽ. എന്നാൽ, പാർട്ടി സ്ഥാനാർഥിയെ ജയിപ്പിക്കാൻ ഇങ്ങനെ ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പിനു മുൻപു തന്നെ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ, രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെയാകെ സംശയത്തിന്‍റെ നിഴലിലാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് സുരേഷ് ഗോപിക്കു വേണ്ടി തൃശൂരിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന ആരോപണം വീണ്ടും ചർച്ചയായത്.

സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപി ഉൾപ്പെടെയുള്ളവരുടെ പേര് രണ്ടു മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലുള്ളതായും വെളിപ്പെടുത്തലുണ്ടായിരുന്നു.

ആരോപണമുയർന്ന് ദിവസങ്ങൾക്കു ശേഷം മാത്രം പ്രതികരിക്കാൻ തയാറായ സുരേഷ് ഗോപി, ആരോപണമുന്നയിക്കുന്നവരെ വാനരൻമാരെന്ന് വിശേഷിപ്പിക്കുകയും, മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.‌

പാർട്ടി സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണന്‍ തെറ്റല്ലെന്ന അവകാശവാദവുമായി ആരോപണങ്ങൾ പരസ്യമായി അംഗീകരിച്ചിരിക്കുന്നത്.

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ബെവ്കോ ജീവനക്കാർ‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോർഡ് ബോണസ്

രാഹുലിനെതിരെയുളള പ്രതിഷേധ മാർച്ചിന് എത്തിച്ച കോഴി ചത്തു; മഹിളാ മോർച്ചയ്ക്കെതിരേ പരാതി

രാഹുൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്

"തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും''; യൂത്ത് കോൺഗ്രസിൽ പരസ്യപ്പോര്