ബിഎൽഒ അനിഷ് ജോർജ്.
തിരുവനന്തപുരം: കേരളത്തിലെ ബൂത്ത് ലെവൽ ഓഫിസർമാർ തിങ്കളാഴ്ച ജോലിയിൽ നിന്നു വിട്ടുനിൽക്കും. കണ്ണൂർ പയ്യന്നൂർ നിയോജക മണ്ഡലം 18 ാം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫിസറും കുന്നരു എയുപി സ്കൂളിലെ ഓഫിസ് അറ്റൻഡറുമായ അനീഷ് ജോർജിന്‍റെ ആത്മഹത്യയുടെ ഉത്തരവാദിത്വം ഇലക്ഷൻ കമ്മിഷനാണെന്നു സംയുക്ത സമരസമിതി ആരോപിക്കുന്നു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ഇവരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ്ഐആർ നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിച്ച് ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്‍റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്‍റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സംസ്ഥാനത്ത് ബിഎൽ ഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്.
അതോടൊപ്പം ചീഫ് ഇലക്റ്ററൽ ഓഫിസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫിസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ എം.വി. ശശിധരനും കെ.പി. ഗോപകുമാറും അറിയിച്ചു.