Kerala

100 വർഷത്തിനിടെ 11 ബോട്ട് അപകടങ്ങൾ, 200 മരണം

1924ൽ മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ ബോട്ടപകടം മുതൽ താനൂർ ബോട്ടപകടം വരെയുള്ളവയുടെ വിശദാംശങ്ങൾ

MV Desk

മലപ്പുറം താനൂരിൽ 22 പേരുടെ ജീവനെടുത്ത ബോട്ടപകടം ഉൾപ്പെടെ കഴിഞ്ഞ പത്തു ദശാബ്ദങ്ങൾക്കിടയിൽ കേരളം സാക്ഷിയായത് 11 ബോട്ട് അപകടങ്ങൾ‌ക്ക്. 1924ൽ മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ ബോട്ടപകടം മുതൽ താനൂർ ബോട്ടപകടം വരെയുള്ളവയുടെ വിശദാംശങ്ങൾ പരിശോധിക്കാം.

1924: കൊല്ലത്തു നിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പല്ലനയാറ്റിൽ ബോട്ട് മുങ്ങി മലയാളത്തിന്‍റെ മഹാകവി കുമാരനാശാൻ അടക്കം 24 പേർ മരിച്ചു. അമിതവേഗമാണ് അപകടത്തിനു കാരണമായത്.

1980 മാർച്ച് 19: കൊച്ചിയിലെ കണ്ണമാലി പള്ളിയിലേക്കുള്ള തീർഥാടകരുമായി പോയ ബോട്ട് മുങ്ങി 30 പേർ മരിച്ചു.

1983 സെപ്റ്റംബർ 25: എറണാകുളത്തെ വല്ലാർപ്പാടം പള്ളിയിലെ പെരുന്നാൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ 18 ജീവനുകൾ പൊലിഞ്ഞു.

2002 ജൂലൈ 27: മുഹമ്മയിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്ര തിരിച്ച സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ ബോട്ട് മുങ്ങി 29 പേർ മരിച്ചു. 9 മാസം പ്രായമുള്ള കുഞ്ഞും 15 സ്ത്രീകളും അതിൽ ഉൾപ്പെട്ടു. ആ ദിവസം കോട്ടയത്ത് പിഎസ്‌സി പരീക്ഷ എഴുതാൻ ബോട്ടിൽ പോയ നിരവധി ഉദ്യോഗാർഥികളും അപകടത്തിന്‍റെ ഇരകളായി.

2004 ഓഗസ്റ്റ് 30: കൊല്ലം തീരത്ത് ബോട്ട് മുങ്ങി 7 തൊഴിലാളികൾ മരിച്ചു

2005 ജനുവരി 2: വേമ്പനാട് കായലിലുണ്ടായ അപകടത്തിൽ അറബ് വംശജൻ അടക്കം 4 പേർ മരിച്ചു.

2007 ഫെബ്രുവരി 20: തട്ടേക്കാട് വിനോദയാത്രക്കെത്തിയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 14 കുട്ടികളും 3 അധ്യാപകരും മരിച്ചു.അങ്കമാലി എളവൂർ സെന്‍റ് ആന്‍റണീസ് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കു പോയ കുട്ടികളാണ് മരിച്ചത്. ബോട്ടിന്‍റെ അടിഭാഗം ഇളകി ബോട്ടിൽ വെള്ളം കയറിയതാണ് അപകടത്തിന് കാരണമായത്.

2009 സെപ്റ്റംബർ 30: മുല്ലപ്പെരിയാർ റിസർവോയറിലെ ആഴമേറിയ പ്രദേശത്ത് ജലകന്യകയെന്ന യാത്രാ ബോട്ട് മുങ്ങി 45 വിനോദസഞ്ചാരികൾ മരിച്ചു.75 പേർക്ക് കയറാവുന്ന ബോട്ടിൽ 80 പേർ കയറിയതാണ് ബോട്ട് മറിയാനിടയാക്കിയത്.

2011 ഡിസംബർ‌ 12: ആലപ്പുഴയിലെ കുത്തിയതോടിൽ ബോട്ട് മറിഞ്ഞ് 2 പേർ മരിച്ചു.

2013 ജനുവരി 26: ആലപ്പുഴയിലെ പുന്നക്കാട് മേഖലയിൽ യാത്രാ ബോട്ട് മറിഞ്ഞ് 4 പേർ മരിച്ചു.

2013- ജൂൺ 11: പുന്നക്കാട് തന്നെ ശിക്കാര വള്ളം മുങ്ങി രണ്ടു പേർ മരിച്ചു.

2023 മേയ് 7: മലപ്പുറം താനൂർ തൂവൽത്തീരത്ത് ബോട്ട് മറിഞ്ഞ് 22 പേർ മരണപ്പെട്ടു.

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

ദിലീപിനെതിരേ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; നമ്പറടക്കം പൊലീസിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര‍്യർക്കും രഞ്ജിത പുളിക്കനും ജാമ‍്യം

പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ച് കർണാടക

സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; തൊഴിലുറപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി