കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടരുന്ന ബോബി ചെമ്മണൂരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. വിഷയം ഗൗരവമായി പരിഗണിച്ച കോടതി സംഭവത്തിൽ വിശദീകരണം നൽകാനും പ്രതിഭാഗം അഭിഭാഷകരോട് ഹാജരാവാനും ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ ജയിലിൽ നിന്ന് പുറത്തിറങ്ങാനിരിക്കെയാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.
ചൊവ്വാഴ്ച ജാമ്യം ലഭിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണൂർ തന്‍റെ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് താൻ ജയിലിൽ തുടരുന്നതെന്നായിരുന്നു അവകാശവാദം.
അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ കഴിയാതെ നിരവധി തടവുകാർ ജയിലിൽ ഉണ്ടെന്നും അതിനാൽ തന്‍റെ ജാമ്യം ചൊവ്വാഴ്ച നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണൂർ അഭിഭാഷകരെ അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ കോടതി വാക്കാൽ ജാമ്യം അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് ജാമ്യ ഉത്തരവ് പുറത്തിറങ്ങിയത്. ബോബി ചെമ്മണൂരിനെതിരേ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. സമാന കേസുകളിൽ ഉൾപ്പെടരുത്, അന്വേഷണത്തോട് പൂർണമായും സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാവുന്നതാണ് തുടങ്ങി കർശന വ്യവസ്ഥകളോടെയായിരുന്നു ബോബിക്ക് ജാമ്യം അനുവദിച്ചത്.