തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനം. കരാറുകൾ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് നടപടി.
യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് മൂന്നു കമ്പനികളിൽ നിന്നായി യൂണിറ്റിന് 4.26 രൂപയ്ക്ക് കേരളം വൈദ്യുതി വാങ്ങിയിരുന്നു. ജാബുവ പവർ ലിമിറ്റഡ് , ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ്, ജിൻഡാൽ പവർ ലിമിറ്റഡ് എന്നീ കമ്പനികളുമായി 17 വർഷത്തേക്കായിരുന്നു കരാർ. എന്നാൽ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയതോടെ കെഎസ്ഇബി പ്രതിസന്ധിയിലായി. പിന്നീട് വിളിച്ച ടെൻഡറുകളിൽ കമ്പനികൾ ഉയർന്ന വിലയാണ് വൈദ്യുതിക്കായി ആവശ്യപ്പെട്ടത്.
ഇതേത്തുടർന്നാണ് വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ നിയോഗിച്ചത്. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് പ്രകാരമാണ് കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നത്.