തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളപ്പളളി നടേശൻ മുഖ്യ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ്, വിജിലൻസ് എസ്പിയായിരുന്ന ശശിധാരനെ അന്വേഷണ ഉദ്യോഗസ്ഥനായി വീണ്ടും സർക്കാർ നിയമിച്ചത്.
കേസ് അന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിർത്താമെന്ന് ഹൈക്കോടതിക്ക് നേരത്തെ സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിൽ നിന്നു സർക്കാർ പിന്നോട്ട് പോയതെടെയാണ് കോടതി വീണ്ടും ഇടപെട്ടത്. വിജിലൻസിൽ നിന്നു ശശിധരൻ സ്ഥലം മാറി പോകുന്നുണ്ടെങ്കിലും അദ്ദേഹം തന്നെ ഈ കേസ് അന്വേഷിക്കുമെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. അത്തരത്തിലൊരു ഉത്തരവിറക്കാൻ സർക്കാരിനോട് കോടതി നിർദേശം നൽകിയിരുന്നു.
എന്നാൽ ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയിലെത്തി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എസ്പി അന്വേഷിച്ചിരുന്ന കേസ് ഡിഐജി തലത്തിലുളള ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നും ആഭ്യന്തര സെക്രട്ടറി കോടതിയിൽ പറഞ്ഞു. ഒക്‌റ്റോബറിൽ കേസിന്‍റെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനിടെയാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് സർക്കാർ കോടതിയെ അറിച്ചത്.
2016ലാണ് വി.എസ്. അച്യുതാനന്ദന്‍റെ പരാതിയിൽ വെളളാപ്പളളി നടേശനെയടക്കം പ്രതിചേർത്ത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നു കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് കൂടിയ പലിശയ്ക്ക് എസ്എൻഡിപിയുടെ കീഴിലുള്ള മൈക്രോ ഫിനാൻസ് സംഘങ്ങൾക്ക് മറിച്ച് നൽകിയെന്നായിരുന്നു കേസ്.