ആർ. ബിന്ദു
തിരുവനന്തപുരം: ദളിത് യുവതിയെ വ്യാജ മോഷണക്കേസിൽ കുടുക്കിയതിന് പിന്നാലെ വീട്ടുടമയ്ക്കും മകൾക്കും പേരൂർക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുമെതിരേ കേസെടുത്തു. ആർ. ബിന്ദു നൽകിയ പരാതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മിഷന്‍റെ ഉത്തരവനുസരിച്ചാണ് നടപടി.
വീട്ടുടമ ഓമന ഡാനിയേൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂർക്കട പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ എസ്.ജെ. പ്രസാദ്, എഎസ്‌ഐ പ്രസന്നകുമാർ എന്നിവർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.
പട്ടികജാതി - പട്ടികവർഗ കമ്മിഷൻ ഉത്തരവനുസരിച്ച് ബിന്ദു പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകിയിരുന്നു.
വ്യാജപരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്‍റെ പരാതി. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സസ്‌പെൻഷനിലാണ്.