ചരിത്രം ആവർത്തിച്ച് ചേലക്കര; കരുത്ത് വർധിപ്പിച്ച് പ്രദീപ്  
Kerala

ചരിത്രം ആവർത്തിച്ച് ചേലക്കര; കരുത്ത് വർധിപ്പിച്ച് പ്രദീപ്

എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് 64,827 വോട്ട് നേടി

ചേലക്കര: ചേലക്കരയിൽ തുടർച്ചയായ ഏഴാം തവണയും വിജയം കൈവരിച്ച് എൽഡിഎഫ്. 12,122 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് വിജയം കൈവരിച്ചത്. പ്രദീപിന് 64,827 വോട്ടും കോൺഗ്രസ് സ്ഥാനാർഥി രമ‍്യ ഹരിദാസിന് 52,626 വോട്ടും ലഭിച്ചു. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ പ്രദീപ് വലിയ മുന്നേറ്റം കാഴ്ചവച്ചിരുന്നു. ഒരു റൗണ്ടിൽ പോലും പ്രദീപിന്‍റെ കുതിപ്പ് രമ‍്യയ്ക്ക് തടയാനായില്ല.

കോൺഗ്രസ് മുന്നേറ്റം പ്രതീക്ഷിച്ച മേഖലകളിൽ പോലും പ്രദീപിന് മികച്ച തേരോട്ടമായിരുന്നു. ഇതോടെ എൽഡിഎഫിന്‍റെ ശക്തി കേന്ദ്രമായി ചേലക്കര തുടരുമെന്നുറപ്പായി. 2016ൽ താൻ നേടിയ 10,200 എന്ന ഭൂരിപക്ഷം ഇത്തവണ യു.ആർ. പ്രദീപ് മറികടന്നു. 2021 ൽ രാധാകൃഷ്ണൻ നേടിയ 39,400 എന്ന വലിയ ഭൂരിപക്ഷത്തിലേക്കെത്താൻ പ്രദീപിന് കഴിഞ്ഞില്ലെങ്കിലും സ്വന്തം ഭൂരിപക്ഷം മെച്ചപ്പെടുത്താൻ സാധിച്ചു.

കെ. രാധാകൃഷ്ണൻ ജയിച്ച കഴിഞ്ഞ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ചേലക്കര നിയമസഭാ മണ്ഡലത്തിൽ മാത്രമായി ലഭിച്ച ഭൂരിപക്ഷം 5,173 വോട്ടായി കുറഞ്ഞിരുന്നു. ഇവിടെനിന്ന് വലിയ മുന്നേറ്റമാണ് പ്രദീപിനു കാഴ്ചവയ്ക്കാൻ സാധിച്ചത്. 1996 ലാണ് കെ. രാധാകൃഷ്ണൻ ആദ‍്യമായി ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2,323 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയം നേടി. തുടർന്ന് 2001ൽ 1,475 വോട്ടുകളുടെ ഭൂരിപക്ഷം. 2006ൽ 14,629 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മികച്ച വിജയം.

2011 ൽ 24,676 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അതിലും മികച്ച വിജയം. 2016ൽ കെ. രാധാകൃഷ്ണൻ മാറി നിന്നതോടെയാണ് യു.ആർ. പ്രദീപിനെ സിപിഎം ചേലക്കരയിൽ സ്ഥാനാർഥിയാക്കുന്നത്. 2021ൽ തിരിച്ചെത്തിയ രാധാകൃഷ്ണന് 39,400 വോട്ടുകളുടെ മികച്ച ഭൂരിപക്ഷം നൽകി ചേലക്കരക്കാർ സ്വീകരിച്ചു. ഇതോടെ ചേലക്കരക്കാർക്ക് മന്ത്രിയെയും ലഭിച്ചു.

ഇത്തവണ പ്രദീപിന്‍റെ ജയത്തോടെ എൽഡിഎഫിന്‍റെ ശക്തി കേന്ദ്രമായി ചേലക്കര നിലനിന്നു. അതേസമയം ബിജെപി ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. പി.വി. അൻവറിന്‍റെ ഡിഎംകെ പിന്തുണയ്ക്കുന്ന എൻ.കെ. സുധീറിനാകട്ടെ, ആകെ 3920 വോട്ടുകളെ നേടാനായുള്ളൂ.

നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും, മാധ‍്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്റ്ററാകാൻ‌ പ്രഗ‍്യാൻ ഓജ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്