തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച വിവാദമായതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്. എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിന്‍റെ പ്രതിനിധികൾ, ചോദ്യ പേപ്പർ തയാറാക്കിയ അധ്യാപകർ എന്നിവരിൽ നിന്നു മൊഴിയെടുക്കും. ചോദ്യപേപ്പർ ചോർച്ചാ വിവാദത്തില്‍ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും സിഇഒ ഷുഹൈബ് അറിയിച്ചു.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ചചെയ്യാന്‍ ഇന്ന് (dec 16) വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യ പേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം ചർച്ച ചെയ്യും. പരീക്ഷ നടത്തിപ്പ് ഇനി മുതൽ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടിയും യോഗം തീരുമാനിക്കും. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾക്കും തീരുമാനം ഉണ്ടാകും. ചോർച്ച ഉറപ്പിക്കുമ്പോഴും അർധ വാർഷിക പരീക്ഷയായതിനാൽ പുനഃപരീക്ഷയ്ക്കു സാധ്യത കുറവാണ്.
ചോർന്ന ചോദ്യങ്ങൾ യൂട്യൂബിൽ കണ്ടത് 10,000 വിദ്യാർഥികൾ
തിരുവനന്തപുരം: എംഎസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ പുറത്തായത്. 10,000ത്തിലധികം വിദ്യാർഥികൾ ഈ വിഡിയൊ കണ്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയാറാക്കുന്ന ചാനലിനാണ് കൂടുതൽ വ്യൂസ് ലഭിക്കുന്നത്. അധ്യാപകർ തന്നെ ഈ യൂ ട്യൂബ് ചാനലുകൾ കാണാൻ വിദ്യാർഥികൾക്ക് നിർദേശം നൽകിയതായും വിവരമുണ്ട്. സബ്സ്രിക്പ്ഷൻ കൂടുതൽ ലഭിക്കാൻ വലിയ കിടമത്സരമാണ് നടക്കുന്നത്.
ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകരും പ്രഡിക്‌ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്. ആരോപണമുയർന്ന യൂട്യൂബ് ചാനലായ എംഎസ് സൊല്യൂഷനെതിരെ ഓണപ്പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് ഡിഇഒ നൽകിയ പരാതി വിദ്യാഭ്യാസ വകുപ്പ് കാര്യമായെടുത്തില്ലെന്നും സെപ്റ്റംബറിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നെന്നുമാണ് വിവരം.