ജെയ്സണ്‍ അലക്‌സ് (48)
തിരുവനന്തപുരം: പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്സണ്‍ അലക്‌സാണ് (48) മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.
കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഇന്‍സ്‌പെക്റ്ററായിരുന്നു ജെയ്സണ്‍. ഇദ്ദേഹം വെള്ളിയാഴ്ച അമിത് ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി പുലര്‍ച്ചെ 5 മണിയോടെ ഓഫിസിലേക്കു പോയിരുന്നതായി കുടുംബം പറയുന്നു. എന്നാൽ 10 മണിയോടെ വീട്ടില്‍ തിരിച്ചെത്തി.
ഈ സമയം ഭാര്യ ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിരുന്നതിനാൽ വീട്ടിൽ ആരും ഇല്ലായിരുന്നു. ഇദ്ദേഹത്തെ പിന്നീട് വിളിച്ചിട്ട് കിട്ടാതായാതേടെ സഹപ്രവര്‍ത്തകര്‍ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്‍റെ ഹാളില്‍ ജെയ്സനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കുണ്ടറ സ്വദേശിയായ ജയ്‌സണ്‍, രണ്ടു വര്‍ഷം മുന്‍പാണ് പുല്ലാന്നിവിളയില്‍ വീടുവച്ച് താമസം തുടങ്ങിയത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ജെയ്‌സണ്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. മേലധികാരികളാണ് മരണത്തിന് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.