സി.കെ. ജാനു, എ.കെ. ആന്‍റണി
കൽപറ്റ: മുത്തങ്ങ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിക്ക് മറുപടി നൽകി ജനാധിപത‍്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ. ജാനു. എത്ര കാലം കഴിഞ്ഞാലും മുത്തങ്ങ സംഭവത്തിൽ മാപ്പ് അർഹിക്കുന്നില്ലെന്നും ചെയ്തത് തെറ്റായി പോയെന്ന് എ.കെ. ആന്‍റണിക്ക് തിരിച്ചറിവുണ്ടായതിൽ സന്തോഷമുണ്ടെന്നും ജാനു പറഞ്ഞു.
മുത്തങ്ങ സമരത്തിൽ പങ്കെടുത്ത മുഴുവൻ ആദിവാസികൾക്കും ഭൂമി ലഭിക്കണമന്നും അതാണ് പരിഹാരമെന്നും ജാനു കൂട്ടിച്ചേർത്തു. മുത്തങ്ങയിൽ വെടിവയ്പ്പ് സാഹചര‍്യമുണ്ടായിരുന്നില്ലെന്നും അത് ഒഴിവാക്കാൻ സർക്കാരിന് സാധിക്കുമായിരുന്നുവെന്നും സമരത്തിൽ പങ്കെടുത്തവർ അറസ്റ്റ് വരിക്കാൻ തയാറായിരുന്നുവെങ്കിലും അത് പരിഗണിക്കാതെ വെടിവയ്പ്പ് നടത്തിയെന്നും സി.കെ. ജാനു മാധ‍്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു മുത്തങ്ങയിലെയും ശിവഗിരിയിലേയും പൊലീസ് അതിക്രമങ്ങളിൽ എ.കെ. ആന്‍റണി ഖേദം പ്രകടിപ്പിച്ചത്. മുത്തങ്ങ വെടിവയ്പ്പും ശിവഗിരിയിലെ പൊലീസ് നടപടിയും തനിക്ക് തെറ്റു പറ്റിയെന്നായിരുന്നു ആന്‍റണി പറഞ്ഞത്.