വി‌.ഡി. സതീശൻ 
Kerala

പൂരം കലക്കിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അന്വേഷണം അട്ടിമറിക്കാൻ: വി‌.ഡി. സതീശൻ

മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പൂരം കലക്കിയിട്ടില്ലെന്നാണ്. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണെന്ന് സതീശൻ ആരോപിച്ചു

Aswin AM

കൊച്ചി: പൂരം കലക്കിയതാണെന്ന് മന്ത്രിമാര്‍ വരെ നിയമസഭയില്‍ പറഞ്ഞത് കേരളം മുഴുവൻ കേട്ടതാണെന്നും പൂരം കലക്കിയതിനെ തുടര്‍ന്നാണ് കമ്മിഷണറെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കമ്മിഷണര്‍ അഴിഞ്ഞാടിയെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു.

5 മാസമായിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. പൂരം കലക്കാന്‍ നേതൃത്വം നല്‍കിയ എഡിജിപി അജിത് കുമാറിനെ തന്നെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ത്രിതല അന്വേഷണം പ്രഖ്യപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പൂരം കലക്കിയിട്ടില്ലെന്നും വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നുമാണ്. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണെന്ന് സതീശൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ത്രിതല അന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറഞ്ഞാല്‍ മൂന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ എന്ത് പ്രസക്തിയാണുള്ളതെന്ന് സതീശൻ ചോദിച്ചു. അന്വേഷണത്തില്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്.

വെടിക്കെട്ട് മാത്രമല്ല മഠത്തില്‍ വരവും അലങ്കോലപ്പെട്ടു. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളിപ്പ് എത്തിയപ്പോള്‍ റോഡില്‍ മുഴുവന്‍ വാഹനങ്ങളായിരുന്നു. പിറ്റേ ദിവസം തെക്കോട്ടിറക്കവും അലങ്കോലപ്പെട്ടു. പിറ്റേ ദിവസത്തെ വെടിക്കെട്ടിനു വേണ്ടി തലേദിവസം രാത്രി തന്നെ എല്ലാ വഴികളും ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.

ജനങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതെല്ലാം മുഖ്യമന്ത്രി മറച്ചു വയ്ക്കുന്നത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ്. കേസെടുത്താല്‍ ഒന്നാം പ്രതി കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കും. മുഖ്യമന്ത്രിയുടെ അറിവോടെ ബിജെപിയെ ജയിപ്പിക്കുന്നതിനു വേണ്ടി അജിത് കുമാര്‍ നേരിട്ടു പോയാണ് പൂരം കലക്കിയത്. കമ്മിഷണര്‍ നല്‍കിയ ബ്ലൂപ്രിന്‍റ് വലിച്ചെറിഞ്ഞ അജിത് കുമാര്‍ പൂരം കലക്കാനുള്ള ബ്ലൂപ്രിന്‍റാണ് പൊലീസിന് നല്‍കിയത്.

എന്നിട്ടും അജിത്കുമാറിനെയാണ് പൂരം കലക്കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചത്. പൂരം കലക്കിയതല്ലെന്ന് സിപി‌ഐക്കാര്‍ പറയട്ടെ. സിപിഐ മന്ത്രി കെ. രാജന്‍ പൂരം കലക്കിയതാണെന്നാണ് നിയമസഭയില്‍ പറഞ്ഞത്. തൃശൂരിലെ എല്‍ഡിഎഫ് എംഎല്‍ഐആഎ ബാലചന്ദ്രനും നിയമസഭയില്‍ പറഞ്ഞത് പൂരം കലക്കിയതാണെന്നാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു അന്വേഷണവും നിഷ്പക്ഷമാകില്ലന്നും സതീശൻ പറഞ്ഞു.

91-ല്‍ സിപിഎം ബിജെപി പിന്തുണ വാങ്ങിയത് സംബന്ധിച്ച് ഇപ്പോള്‍ പാലക്കാട് ഒരു കത്ത് പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ഇപ്പോഴും ഡീലാണ്. അവര്‍ ഒന്നിച്ചാണ്. ഞങ്ങള്‍ അവരെ ഒന്നിച്ച് നേരിടും. സിപിഎം ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനം നടത്തുന്നതു കൊണ്ടാണ് തിരഞ്ഞെടുപ്പ് കാലത്ത് ജയരാജന്‍ ബുക്ക് ഇറക്കിയത്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് 35 ദിവസവും സിഎഎയെ കുറിച്ചാണ് പിണറായി പറഞ്ഞത്.

അന്ന് ന്യൂനപക്ഷ പ്രീണനമായിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ജയരാജനെ കൊണ്ട് പുസ്തകം ഇറക്കിച്ചതും പിണറായി വിജയന്‍ അവിടെ പോയി ലീഗ് ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചത്. ഒരു മാസം മുന്‍പ് പറഞ്ഞതാണ് പിണറായി വിജയന്‍ ഇപ്പോള്‍ മാറ്റിപ്പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി