File image
തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം ശക്തപ്പെടുത്തുന്നതാനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' അല്ലെങ്കിൽ 'സിഎം വിത്ത് മി' എന്ന് പേരിട്ടിരിക്കുന്ന സമഗ്ര സിറ്റിസൺ കണക്ട് സെന്‍റർ ആരംഭിക്കുകയാണ്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിന്‍റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുക, പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.
വർക്ക് അറേഞ്ച്മെന്‍റിന്‍റെ അടിസ്ഥാനത്തിൽ കെഎഎസ് ഓഫിസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിക്കും. തത്വത്തിൽ അതിനായി ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും മേൽനോട്ടത്തിനുമായി അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉള്ളടക്ക നിർമാണം, വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.