വീണ 
Kerala

മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്തു; മാസപ്പടി കേസ് വീണ്ടും സജീവം

കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിലെ SFIO ഓഫിസിലാണ് വീണ ഇതിനു വേണ്ടി ഹാജരായത്.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്എഫ്ഐഒ) മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിലെ ഓഫീസിലെത്തിയാണ് എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിന് വീണാ വിജയന്‍ മൊഴി നല്‍കിയത്. നിലവില്‍ രണ്ടുതവണയായി വീണയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയയായാണ് വിവരം. സിഎംആര്‍എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ എക്‌സാലോജിക് എന്ന കമ്പനി ചെയ്യാത്ത സേവനത്തിന് പണം കൈപറ്റിയെന്നാണ് കേസ്. കേസില്‍ അന്വേഷണം തുടങ്ങി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. കഴിഞ്ഞ ജനുവരിയിലാണ് എസ്എഫ്ഐഒ കേസില്‍ അന്വേഷണം ആരംഭിച്ചത്.

കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ ആദ്യ ഉത്തരവ് പ്രകാരം ആര്‍ഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തത്. സിഎംആര്‍എല്‍ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് 2017-20 കാലയളവില്‍ നല്‍കാത്ത സേവനത്തിന് വലിയ തുക പ്രതിഫലം നല്‍കിയെന്ന ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലാണു വിവാദത്തിന് തിരികൊളുത്തിയത്. തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

വീണക്കെതിരായ കേസില്‍, സിഎംആര്‍എല്ലില്‍ നിന്നും കെഎസ്ഐഡിസിയില്‍ നിന്നും നേരത്തെ എസ്എഫ്ഐഒ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഉയർന്ന ആരോപണത്തിൽ വ്യവസായ വികസന കോർപറേഷന്‍റെ (കെഎസ്ഐഡിസി) ഓഫിസിലും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലും എസ്എഫ്ഐഒ അന്വേഷണം നടത്തിയിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്‍റെ വിവരങ്ങൾ ആരായാനാണ് വീണയുടെ മൊഴിയെടുത്തത്. സിഎംആർഎല്ലിൽ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്.

വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക് കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് ഈ ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എസ്എഫ്ഐഒയ്ക്കായിരുന്നു അന്വേഷണച്ചുമതല. അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിനെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായും നിശ്ചയിച്ചിരുന്നു.

ഇതിനിടെ സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് വീണ ഐജിഎസ്ടി അടച്ചതായി നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്എഫ്ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പണപ്പിരിവ് കേസിൽ തനിക്ക് ബന്ധമില്ലെന്നായിരുന്നു വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

സിഎം ആര്‍എല്‍ആര്‍ക്കൊക്കെ പണം, എന്തിനൊക്കെ പണം നല്‍കിയെന്നത് അന്വേഷിക്കണമെന്നാണു പരാതിക്കാരന്‍ ഉന്നയിച്ച പ്രധാന ആവശ്യം. തുടര്‍ന്ന് പ്രതിപക്ഷം ഏറ്റെടുത്ത ആരോപണം മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും വിജിലന്‍സ് കേടതിയെ സമീപിക്കുകയും ചെയ്തിരുന്നുവെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ മാത്യു കുഴല്‍നാടന് കഴിഞ്ഞിരുന്നില്ല.

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ