തിരുവനന്തപുരം: ഇടത്തരം വരുമാനമുള്ളവർക്ക് സഹകരണ ഭവനപദ്ധതി പ്രഖ‍്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിക്കായി 20 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ഈ പദ്ധതി പ്രകാരം നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ സജ്ജമാക്കുമെന്ന് മന്ത്രി വ‍്യക്തമാക്കി.
പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശവകുപ്പും ഹൗസിങ് ബോർഡും ചേർന്നാണ് പദ്ധതി തയാറാക്കുന്നത്. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാർക്ക് താങ്ങാവുന്ന ചെലവിൽ റെസിഡൻഷ‍്യൽ കോംപ്ലക്സുകൾ വികസിപ്പിക്കുക എന്ന ലക്ഷ‍്യത്തോടെയാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു.
ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ വിജയകരമായി നടപ്പാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയിലാണ് ബഹുനില അപ്പാർട്ട്മെന്‍റുകളും സമുച്ചയങ്ങളും നിർമിക്കുക. പദ്ധതി വലിയ തോതിൽ സർക്കാർ ജീവനക്കാർക്ക് പ്രയോജനം ചെയ്യും.