Kerala

റോഡുകളെക്കുറിച്ച് പരാതി കുറഞ്ഞു: മന്ത്രി

റണ്ണിംഗ് കരാറില്‍ വരാത്ത റോഡുകള്‍ക്കായി പ്രീമണ്‍സൂണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. എന്നിട്ടും മഴക്കാലത്ത് റോഡുകളില്‍ അറ്റകുറ്റപ്പണി ആവശ്യമായിവന്നാല്‍ അത് സമയബന്ധിതമായി ചെയ്യണമെന്നു നിർദേശം

തിരുവനന്തപുരം: റോഡുകളെ സംബന്ധിച്ച പരാതികള്‍ വളരെയധികം കുറഞ്ഞിട്ടുണ്ടെന്നും റണ്ണിംഗ് കോണ്‍ട്രാക്ട് പോലുള്ള പുതിയ സമ്പ്രദായങ്ങളും ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും ഇക്കാര്യത്തില്‍ സഹായകമായിട്ടുണ്ടെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

ഓരോ നിയോജകമണ്ഡലത്തിലെയും വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് കാര്യക്ഷമമാക്കുന്നതിനായി രൂപംകൊടുത്ത കോണ്‍സ്റ്റിറ്റ്യുവന്‍സി മോണിട്ടറിംഗ് ടീമിന്‍റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റണ്ണിംഗ് കരാറില്‍ വരാത്ത റോഡുകള്‍ക്കായി പ്രീമണ്‍സൂണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. എന്നിട്ടും മഴക്കാലത്ത് റോഡുകളില്‍ അറ്റകുറ്റപ്പണി ആവശ്യമായിവന്നാല്‍ അത് സമയബന്ധിതമായി ചെയ്യണം. ശാശ്വതമായി പരിഹരിക്കാനാകാത്തവ തല്‍ക്കാലത്തേക്ക് പരിഹരിക്കുകയും മഴയ്ക്കുശേഷം ശാശ്വതമായി പരിഹരിക്കുകയും വേണം. ഇത്രയൊക്കെ ചെയ്താലും മഴക്കാലത്ത് കുഴപ്പം വരാന്‍ സാധ്യതയുള്ള റോഡുകളുണ്ടെങ്കില്‍ അവയുടെ പട്ടിക ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മഴക്കാല പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷം രൂപീകരിച്ച സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഈ വര്‍ഷവും മുന്നോട്ടുപോകണം. റോഡുപണി നടക്കുന്നയിടങ്ങളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം. രാത്രികാലങ്ങളില്‍ റോഡുപയോഗിക്കുന്നവര്‍ക്ക് കാണാനാകുംവിധം റിഫ്ലക്ടീവ്, ഡൈവേര്‍ഷന്‍, വേഗനിയന്ത്രണ ബോര്‍ഡുകളും മതിയായ വെളിച്ചവും ബാരിക്കേഡുകളുമൊക്കെ സജ്ജമാണെന്ന് ഉറപ്പാക്കണം. വാട്ടര്‍ അതോറിട്ടിക്ക് പൈപ്പ് ഇടാന്‍ കൈമാറിയ റോഡുകളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സമയം നിശ്ചയിച്ചുനല്‍കണമെന്നും നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയായില്ലെങ്കില്‍ മേലധികാരികളോട് ആലോചിച്ച് തീരുമാനമെടുക്കണമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളില്‍നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന പരാതികള്‍ അതത് സമയത്തുതന്നെ പരിഹരിക്കപ്പെട്ടുവെന്ന് ഉറപ്പാക്കാനും പരാതികള്‍ പരിഹരിച്ചതിന്‍റെ വിവരങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ സമയബന്ധിതമായി സമര്‍പ്പിക്കാനും ഓരോ ഉദ്യോഗസ്ഥരെ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ചുമതലപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു