തിരുവനന്തപുരം: വനനിയമഭേദഗതിയിൽ വസ്തുതകൾ പരിശോധിക്കാതെയാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. നിലവിലുള്ള ബില്ലിൽ വരുത്തിയ മാറ്റങ്ങളിൽ എന്തിലാണ് വിയോജിപ്പെന്ന് വ‍്യക്തമാക്കണമെന്നും വിവാദത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നാണ് സർക്കാരിന്‍റെ അഭ‍്യർഥനയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിലുള്ള നിയമത്തിൽ വനംവകുപ്പ് വാച്ചർക്ക് വാറന്‍റ് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ട്.
ഭേദഗതിയിലൂടെ ഈ അധികാരം എടുത്തുകളയുകയാണ് ചെയ്യുന്നത്. എല്ലാവരോടും സംസാരിക്കാൻ സർക്കാർ തയാറാണ്. കുറ്റകൃത‍്യം ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്നുണ്ട്. അതുകൊണ്ട് കുറ്റംചെയ്യുന്നവർക്ക് പൊള്ളുമെന്നും മന്ത്രി പറഞ്ഞു. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്വകാര‍്യഭൂമി തുച്ഛമായ തുകയ്ക്ക് വാങ്ങി വലിയ വിലയ്ക്ക് വിൽക്കുന്ന മാഫിയ സംഘങ്ങൾ സജീവമാണെന്നും വനപാലകർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ഭേദഗതിയെന്നും നേരത്തേ കേരള കോൺഗ്രസ് ആരോപിച്ചിരുന്നു.