തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാനൂരിൽ വടിവാള്‍ ആക്രമണം നടത്തി സിപിഎം പ്രവർത്തകർ. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് കേസ്. പൊലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആക്രമണത്തിനു നേതൃത്വം നല്‍കിയ ശരത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരാണെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കണ്ണൂര്‍ പാറാട് പാനൂരില്‍ വടിവാള്‍ വീശി സിപിഎം ആക്രമണം നടത്തുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വടിവാളുമായെത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികളെത്തിയത്.
വടിവാള്‍ വീശി ആളുകള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. എല്‍ഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്കു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ഇതിനിടെ ലാത്തി വീശി ഇരുവിഭാഗം പ്രവര്‍ത്തകരെയും സ്ഥലത്തു നിന്ന് നീക്കിയിരുന്നു. എന്നാല്‍ പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും വീടുകളില്‍ കടന്നുചെന്ന് വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.