തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: സിപിഎം സംസ്ഥാന സമിതി യോഗങ്ങൾക്കു തുടക്കം file
Kerala

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: സിപിഎം സംസ്ഥാന സമിതി യോഗങ്ങൾക്കു തുടക്കം

തെറ്റു തിരുത്തല്‍ നടപടിക്കുള്ള മാര്‍ഗരേഖയുടെ കരടും തയ്യാറാക്കും.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങള്‍ കണ്ടെത്താനും തിരുത്താനുമുള്ള സിപിഎം നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. 18, 19, 20 തീയതികളിലായി മൂന്നു ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗമാണ് നടക്കുക. 16, 17 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റിലും സിപിഎം യോഗങ്ങള്‍ നടന്നിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് വന്‍ തോല്‍വിക്കു കാരണമെന്ന് പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനമുയർന്നിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയുടെ നയസമീപനങ്ങളില്‍ പുന:പരിശോധന വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം ആവശ്യപ്പെടുന്നതും, നേതാക്കളുടെയും പ്രവര്‍ത്തകരുടേയും പെരുമാറ്റങ്ങളുമെല്ലാം വിമര്‍ശന വിധേയമാകുന്ന സാഹചര്യത്തിലാണ് യോഗം.

കണ്ണൂർ, പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങൽ ഉള്‍പ്പെടെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ഉണ്ടായ വോട്ട് ചോര്‍ച്ച പാര്‍ട്ടി വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ആലപ്പുഴ പോലെയുള്ളിടങ്ങളിൽ പ്രാദേശിക ഭിന്നതമൂലം സിപിഎം പ്രവർത്തകർ ബിജെപിക്ക് വോട്ട് മറിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഭരണ വിരുദ്ധ വികാരം തോല്‍വിക്ക് കാരണമായോ എന്നും സംസ്ഥാന സമിതി പരിശോധിക്കും. തെറ്റു തിരുത്തല്‍ നടപടിക്കുള്ള മാര്‍ഗരേഖയുടെ കരടും തയ്യാറാക്കും. വ്യാഴാഴ്ച വരെ നീളുന്ന സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഇഴകീറി പരിശോധിക്കും. വിമര്‍ശനങ്ങള്‍ക്കും സാധ്യതയുണ്ട്.

രാജ്യത്താകെയുണ്ടായ ബിജെപി വിരുദ്ധ വികാരമാണ് കേരളത്തില്‍ യുഡിഎഫിനു ഗുണം ചെയ്തതെന്നും കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവകാശപ്പെട്ടത്. എന്നാൽ, 62 ലക്ഷം പേര്‍ക്കു കൊടുക്കേണ്ടിയിരുന്ന പെന്‍ഷന്‍ കുടിശികയും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങളും നല്‍കാതിരുന്നത് ആ വിഭാഗങ്ങളില്‍ അസംതൃപ്തിയുണ്ടാക്കിയെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഭരണ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം കൂടിയ സിപിഎം, സിപിഐ ജില്ലാ, സംസ്ഥാന സമിതികളിലെല്ലാം സർക്കാരിന്‍റെ ചെയ്തികൾ തോൽവിക്കിടയാക്കി എന്നായിരുന്നു വിമർശനം. സിപിഎം പൊളിറ്റ് ബ്യൂറോ കേരളത്തിലെ കനത്ത പരാജയം ഗൗരവമായി കാണുന്ന സാഹചര്യത്തിൽ സർക്കാരിൽ പാര്‍ട്ടിയുടെ പിടിമുറുകാൻ സാധ്യതയുണ്ട്.

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്