ഡിജോ കാപ്പൻ

 
Kerala

ഡിജോ കാപ്പന്‍റെ സംസ്കാരം വൈകിട്ട് 3 മണിക്ക്; ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ

2025 ഒക്റ്റോബർ 16ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു

Namitha Mohanan

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പന്‍റെ (69) സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇത്സംബന്ധിച്ച് കോട്ടയം കളക്റ്റർ, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് സർക്കാർ നിർദേശം നൽ‌കി. ഞായറാഴ്ച പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാരം. സർക്കാരിന് വേണ്ടി ജില്ലാ കളക്റ്റർ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിക്കും.

2025 ഒക്റ്റോബർ 16ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ പാലാ മാർ സ്ലീവ മെഡിസിറ്റി ഹോസ്പിറ്റലിൽ വെള്ളിയാഴ്ച രാവിലെ 9.30 നായിരുന്നു അന്ത്യം.

പാലാ മീനച്ചിൽ പഞ്ചായത്തിൽ പാലാക്കാട് (ഇടമറ്റം) എന്ന ഗ്രാമത്തിൽ കാപ്പിൽ കുടുംബത്തിൽ പരേതനായ കെ.സി. ജോസഫിന്‍റെയും മേരി ജോസഫിന്‍റെയും മൂത്ത പുത്രനായ ഡിജോ കാപ്പൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ യാണ് പൊതുരംഗത്ത് എത്തുന്നത്. ഇടമറ്റം കെ.റ്റി.ജെ.എം.സ്‌കൂളിൽ പഠിക്കുമ്പോൾ കേരള കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി. യൂണിറ്റ് പ്രസിഡൻ്റായിട്ടാണ് പൊതു പ്രവർത്തനം തുടങ്ങിയത്. സ്‌കൂൾ ലീഡറായും പാലാ സെൻ്റ് തോമസ് കോളെജ് യൂണിയൻ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. പാലാ കോളേജിലും, കളമശ്ശേരി രാജഗിരി കോളേജിലും, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലും നിന്ന് കേരള യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായിരുന്നു.

1982 ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി. കേരള യൂണിവേഴ്സിറ്റിയിൽ അക്കാദമിക് കൗൺസിൽ, സെനറ്റ് എന്നിവയിലും മെമ്പറായിരുന്നു. എം.ജി.യൂണിവേഴ്‌സിറ്റിയിലും 10 വർഷം സെനറ്റ് മെമ്പറായും പ്രവർത്തിച്ചു. 1983-1985 ൽ കെ.എസ്.സി സംസ്ഥാന പ്രസിഡന്‍റും, 1989-1991 ൽ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ കളികളിൽ മനം മടുത്ത് പാർലമെന്‍ററി പദവികളിൽ താല്‌പര്യം പ്രകടിപ്പിക്കാതിരുന്ന ഡിജോ കാപ്പൻ 1998 ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. തുടർന്ന് ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണത്തിനു വേണ്ടിയുളള പ്രവർത്തനങ്ങളിൽ മുഴുകി. സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടനയുടെ മുഖ്യ ചുമതലക്കാരിലൊരാളായിരിക്കെ സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ പൊതുതാല്‌പര്യ ഹർജികളിലൂടെ രണ്ട് ഡസൻ കേസുകളിലെങ്കിലും പൊതുജനങ്ങൾക്ക് പ്രയോജനകരമായ വിധികൾ നേടിയെടുത്തു.

കെഎസ്ആർടിസി യുടെയും വൈദ്യുതി ബോർഡിന്‍റെയും പ്രവർത്തനങ്ങൾ ജനോപകാരപ്രദമാക്കി മാറ്റുവാൻ നിരന്തരം പൊരുതി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ ഉപഭോക്താക്കളുടെ പ്രതിനിധിയെന്ന നിലയിൽ ഡിജോ കാപ്പനെപ്പോലെ നിരന്തരം ഹാജരായിട്ടുളള മറ്റൊരാളില്ല.

പൊതുഗതാഗത സംരക്ഷണ സമിതി പ്രസിഡണ്ട്, ശബരി റെയിൽവേ സെൻട്രൽ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്, ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആന്റ് എൻവയൺമെൻ്റ്, പ്രൊട്ടക്ഷൻ ഫോറം പ്രസിഡണ്ട് തുടങ്ങി നിരവധി രാഷ്ട്രീയേതര സംഘടനകളുടെ ചുമതലകൾ വഹിച്ച ഡിജോ കാപ്പൻ വിവിധ കർഷക സംഘടനകളുടെ നേതൃതല ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു. പൊതുവിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി വിപുലമായ സൗഹൃദബന്ധത്തിനുടമയായ കാപ്പൻ സി.കെ.ജീവൻ സ്‌മാരക ട്രസ്റ്റിന്റെ സംഘാടകരിൽ ഒരാളായിരുന്നു. നിരവധി പ്രമുഖ നേതാക്കളുടെ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നിൽ ഡിജോ കാപ്പൻറെ നിശബ്ദ പ്രവർത്തനങ്ങളും, തന്ത്രങ്ങളും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. രോഗതുരനായിരിക്കെ മരണം മുന്നിൽ കണ്ട പി.റ്റി. തോമസ് തന്‍റെ അന്ത്യകർമങ്ങൾ എങ്ങനെ വേണമെന്ന് എഴുതി ഏല്‌പിച്ചിരുന്നത് ഡിജോ കാപ്പനെയായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ കൈയാങ്കളി; മേയർക്കും കൗൺസിലർമാർക്കും പരുക്ക്

തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വിണ്ടു കീറിയ റോഡുകൾ; മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും |Video

കുട്ടനാടിന് അവധി വേണമെന്ന് എംഎൽഎ; പരിശോധിക്കാമെന്ന് മൈക്കിലും കൊടുക്കില്ലെന്ന് സ്വരം താഴ്ത്തിയും മുഖ്യമന്ത്രി|Video

വജ്രാഭരണം കാണാനില്ല, നടൻ രവി മോഹന്‍റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞു വച്ചു; രക്ഷപെടുത്തി പൊലീസ്

മത്സരത്തിനിടെ കാനഡ താരത്തിന്‍റെ കാലൊടിഞ്ഞു, ഖത്തർ താരത്തിന് വിലക്ക്|Video