കൊച്ചി: പൊട്ടിച്ചിരിയുടെ വെള്ളിത്തിരക്കാഴ്ചകളൊരുക്കിയ പ്രമുഖ സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായി. തുടർന്നു നില മെച്ചപ്പെട്ടെങ്കിലും ഞായറാഴ്ച ഹൃദയാഘാതം ഉണ്ടായതോടെ സ്ഥിതി വഷളാവുകയായിരുന്നു.
കൊച്ചി കറുപ്പിൻമൂപ്പിൽ വീട്ടിൽ ഇസ്മയിൽ ഹാജി- സൈനബ ദമ്പതികളുടെ മകനായി 1954ലാണു ജനനം. കൊച്ചിൻ കലാഭവനിൽ മിമിക്രിയിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണു സിനിമാ പ്രവേശം. ഫാസിലിന്റെ സംവിധാന സഹായിയായി തുടക്കം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത "പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന ചിത്രത്തിന്റെ രചനയും "നാടോടിക്കാറ്റി'ന്റെ കഥയുമെഴുതി.
1989ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ "റാംജി റാവ് സ്പീക്കിങ്ങി'ലൂടെയാണ് സിദ്ദിഖും ലാലും ചേർന്ന് സ്വതന്ത്ര സംവിധായകരാകുന്നത്. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളും ആ കൂട്ടുകെട്ടിൽ പിറന്നു. ഇരുവരും വഴിപിരിഞ്ഞശേഷം ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമെൻ, ഭാസ്കർ ദ റാസ്ക്കൽ, ഫുക്രി തുടങ്ങിയ ചിത്രങ്ങൾ സിദ്ദിഖ് സ്വന്തമായി സംവിധാനം ചെയ്തു. ബിഗ് ബ്രദറാണ് അവസാന ചിത്രം. ഭാര്യ സജിത, മക്കൾ: സൗമ്യ, സാറ, സുകുൺ.
ഇന്നു രാവിലെ 9 മുതൽ 12 വരെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു ഭൗതികദേഹം വീട്ടിലേക്കു കൊണ്ടുപോകും. വൈകിട്ട് ആറിനു എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലാണു കബറടക്കം.