പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞതോര്‍ത്ത് ആശങ്കപ്പെടേണ്ട: മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞതോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥർ. വാഹന പുക പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തന തകരാറും മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി അവസാനിച്ചവര്‍ ബുദ്ധിമുട്ടിലാണ്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിവാഹന്‍ സൈറ്റിലുണ്ടായ അപാകമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അറിയുന്നു.
എന്നാൽ 22-2-2025 നും 27-2-2025-നമിടയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി അവസാനിച്ച വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യുന്നതിനും മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍ക്കും പുക പരിശോധന നിര്‍ബന്ധമാണ്.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കീഴിലുള്ള വാഹന്‍ പോര്‍ട്ടല്‍ സാങ്കേതിക കാരണങ്ങളാല്‍ 22-02-25 മുതല്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ സെര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യവ്യാപകമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇത് പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ ഇനിയും 24 മണിക്കൂറില്‍ അധികം സമയം വേണമെന്നും എം.വി.ഡിയുടെ കുറിപ്പില്‍ പറയുന്നു.
പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ടെസ്റ്റ് ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളും തടസപ്പെടുമെന്നും ടെസ്റ്റ് വൈകിയാല്‍ വാഹന ഉടമകള്‍ക്ക് പിഴ അടയ്ക്കേണ്ടി വരുമെന്നുമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ബുദ്ധിമുട്ട് നേരിടുകയാണ് വാഹന ഉടമകള്‍. ഇത് മനഃപൂര്‍വമായി തടസപ്പെടുത്തുന്നതാണെന്നാണ് സെന്‍റര്‍ ഉടമകളുടെ പരാതി. അല്ലെങ്കില്‍ വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് അവരുടെ ചോദ്യം.