മദ്യം വാങ്ങി സൂക്ഷിച്ച്, ഡ്രൈഡേയിൽ വൻ വിലയ്ക്ക് വിറ്റു; കൊട്ടിയത്ത് ഒരാൾ അറസ്റ്റിൽ Representative image
കൊട്ടിയം: തെരഞ്ഞെടുപ്പു മൂലം ഡ്രൈ ഡേ പ്രഖ്യാപിച്ച പ്രദേശത്ത് മദ്യം വിറ്റഴിച്ചയാൾ അറസ്റ്റിൽ. കൊട്ടിയം ഉമയനല്ലൂരിൽ സുധീർ ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം നിന്ന് 20 ലിറ്ററോളം മദ്യവും പിടികൂടി.
പറക്കളും സ്കൂളിനടുത്തുള്ള വീട്ടിൽ മദ്യവിൽപ്പന നടത്തുന്നതായി പൊലീസ് നടത്തിയ പരിശോധനയിലാണ് അരലിറ്ററിന്‍റെ 40 കുപ്പി മദ്യം പിടിച്ചെടുത്തത്. ഡ്രൈ ഡേ മുന്നിൽ കണ്ട് പ്രതി മുൻകൂട്ടി ബെവ്റേജസിൽ നിന്ന് പലപ്പോഴായി മദ്യം വാങ്ങി സൂക്ഷിക്കുകയായിരുന്നു. വൻ വിലയ്ക്കാണ് ഡ്രൈഡേയിൽ മദ്യം വിറ്റിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെക്കൻ ജില്ലകളിൽ (എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം) ഡിസംബർ 7ന് വൈകീട്ട് 6 മുതൽ 9 ന് വൈകുന്നേരം ആറ് വരെയും വടക്കൻ ജില്ലകളിൽ (കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്) ഡിസംബർ 9ന് വൈകുന്നേരം ആറ് മുതൽ 11ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണൽ ദിനമായ 13ന് സംസ്ഥാനത്താകെ ഡ്രൈഡേ പ്രഖ്യാപിച്ചിട്ടുണ്ട്.