കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ട് സംബന്ധിച്ച് വ്യക്തത വരുത്താന്‍ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി).
ഇതിനായി പര്‍ളിക്കാട് സ്വദേശി ശ്രീജിത്തിനെ വിളിപ്പിച്ചു. അരവിന്ദാക്ഷന്‍റെ അമ്മയുടേത് എന്ന പേരില്‍ ഇഡി കോടതിയില്‍ നല്‍കിയത് ശ്രീജിത്തിന്‍റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടായിരുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നത്. ഇഡി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് സിപിഎമ്മും പെരിങ്ങണ്ടൂര്‍ ബാങ്കും ആരോപിക്കുകയും ചെയ്തു.
അരവിന്ദാക്ഷന്‍റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് വഴി 63 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡി വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ അരവിന്ദാക്ഷന്‍ ഇതു നിഷേധിച്ചിരുന്നു. എന്നാൽ, അരവിന്ദാക്ഷന്‍റെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ബാങ്കാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിച്ചതെന്നു ഇഡി കോടതിയെ അറിയിച്ചു. അരവിന്ദാക്ഷന്‍ ഇക്കാര്യം സമ്മതിച്ചതായും ഇഡി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
ഇഡി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ട് സംബന്ധിച്ച് വ്യക്തത വരുത്താന്‍ അവർ നീക്കം ആരംഭിച്ചത്.