എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എലപ്പുള്ളി ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി പറഞ്ഞു.
ബ്രൂവറി അനുവദിക്കണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. എന്നാൽ, വിശദമായ പഠനം നടത്താതെ പ്രാഥമിക അനുമതി നൽകാനാവില്ലെന്ന് കോടതി പറഞ്ഞു, പാരിസ്ഥിതികാഘാത പഠനം നടത്തിയ ശേഷം തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിശദമായ പഠനം നടത്തിയ ശേഷം അനുമതി നൽകണോ വേണ്ടയോ എന്ന് സംബന്ധിച്ച് സർക്കാരിന് വീണ്ടും തീരുമാനിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് അറിയിച്ചു.
ഒയാസിസ് കമ്പനിക്ക് നൽകിയ പ്രാഥമിക അനുമതിയാണ് ഇതോടെ റദ്ദായത്. മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബ്രൂവറി ആരംഭിക്കുന്നതിനെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷവും പദ്ധതിക്കെതിരായിരുന്നു.
എന്നാൽ, എതിർപ്പുകൾ അവഗണിച്ച് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിന് അനുമതി നൽകിയത് വിവാദമായിരുന്നു. 2008ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്‍റെ പരിധിയിൽപ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയത്.
മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്കാണ് യൂണിറ്റ് തുടങ്ങാൻ സർക്കാർ അനുമതി കൊടുത്തത്. ബ്രൂവറി തുടങ്ങുന്നത് കാർഷിക മേഖലക്ക് ഗുണം ചെയ്യുമെന്നായിരുന്നു സർക്കാർ വാദം.