ഇ.എൻ. സുരേഷ് ബാബു, ഷാഫി പറമ്പിൽ
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരേ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സി.വി. സതീഷ് നൽകിയ പരാതിയിലാണ് പാലക്കാട് നോർത്ത് പൊലീസ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.
പാലക്കാട് എഎസ്പിക്ക് ഇക്കാര‍്യം ചൂണ്ടിക്കാട്ടി സിഐ റിപ്പോർട്ട് നൽകി. ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ട് എടുക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരിട്ടുള്ള പരാതി അല്ലാത്തതിനാലാണ് കേസെടുക്കാൻ കഴിയാത്തതെന്ന് പൊലീസ് അറിയിച്ചു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു ഇ.എൻ. സുരേഷ് ബാബുവിന്‍റെ പ്രസ്താവന. ഇക്കാര‍്യത്തിൽ ഷാഫിയും രാഹുലും കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫിയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.