ആദിലക്ഷ്മി
ആലപ്പുഴ: കായംകുളത്ത് പനി ബാധിച്ച് ചികിത്സയിലിരുന്ന ഒൻപതുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ ആരോപണവുമായി കുടുംബം.
കണ്ണപ്പള്ളി സ്വദേശി അജിത്തിന്‍റേയും ശരണ്യയുടേയും മകളായ ആദിലക്ഷ്മിയാണ് മരിച്ചത്. ചികിത്സാ പിഴാവാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. കായംകുളം എബ്നൈസർ ആശുപത്രിക്കെതിരേയാണ് ആരോപണം.
പത്താം തീയതിയാണ് പനി ബാധിച്ച് ആദിലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കുട്ടിയെ ശനിയാഴ്ച രാവിലെയോടെ ഐസിയുവിലേക്ക് മാറ്റി. പിന്നീട് കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ഹൃദയസംതംഭനമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റി.