'പ്രളയത്തിനു സമാനമായ സാഹചര്യം'; പെരിയാർ കരകവിഞ്ഞു, ഒറ്റപ്പെട്ട് റാന്നി, ഇടുക്കിയിൽ വൻ നാശനഷ്ടം

 
Kerala

'പ്രളയത്തിനു സമാനമായ സാഹചര്യം'; പെരിയാർ കരകവിഞ്ഞു, ഒറ്റപ്പെട്ട് റാന്നി, ഇടുക്കിയിൽ വൻ നാശനഷ്ടം|Video

കുട്ട വഞ്ചിയിലാണ് വെള്ളക്കെട്ടിൽ അകപ്പെട്ടവരെ രക്ഷപെടുത്തിയത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയിൽ വൻ നാശനഷ്ടങ്ങൾ. കോട്ടയത്ത് പ്രളയത്തിനു സമാനമായ സാഹചര്യത്തെയാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്. പത്തനംതിട്ടയിലെ റാന്നിയിൽ കടകളിലും വീടുകളിലും വെള്ളം കയറി. റാന്നി ടൗൺ ഒറ്റപ്പെട്ട നിലയിലാണ്. വീടുകൾക്കു മുകൾ നിലയിലും മറ്റും പെട്ടവരെ ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി. കുട്ട വഞ്ചിയിലാണ് വെള്ളക്കെട്ടിൽ അകപ്പെട്ടവരെ രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനത്തിനായി തോണികളും ഇറക്കിയിട്ടുണ്ട്. പമ്പ നദിയിൽ അതിവേഗം ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ് വേ മുങ്ങിയ നിലയിലാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി ഡിങ്കി ബോട്ടുകൾ എത്തിക്കും.

പമ്പ (മടമൺ സ്റ്റേഷൻ), കോട്ടയത്തെ മണിമല (പുല്ലക്കയാർ സ്റ്റേഷൻ) എന്നീ നദികളിൽ ഓറഞ്ച് അലർട്ടും പമ്പ മലക്കര സ്റ്റേഷനിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. ഒരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ടയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുളഅള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലും വനമേഖലയിലും മണ്ണിടിച്ചിലിനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് നിരോധനം. എന്നാൽ ശബരിമല തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

ന്യൂനമർദപാത്തി

തെക്കൻ ഗുജറാത്ത് തീരം മുതൽ മുതൽ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി തുടരുന്നു. ശക്തി കൂടിയ ന്യൂന മർദം തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി സ്ഥിതി ചെയ്യുന്നുമുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കൻ രാജസ്ഥാൻ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ക്രമേണ ശക്തി കുറഞ്ഞ ന്യൂനമർദമായി മാറിയേക്കാനും സാധ്യതയുള്ളതിനാൽ

സംസ്ഥാനത്ത് ഓഗസ്റ്റ് 1 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വൈദ്യുതി ശൃംഖലയ്ക്ക് നാശനഷ്ടം

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ രാത്രിയിലുണ്ടായ മിന്നൽ പ്രളയത്തിൽ അതിരൂക്ഷമായ നാശനഷ്ടങ്ങളാണ് വൈദ്യുതി ശൃംഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ട ഡിവിഷൻ പരിധിയിൽ ശക്തമായ മഴയെയും ഉരുൾപൊട്ടലിനെയും തുടർന്ന് വടശ്ശേരിക്കര, റാന്നി പെരുനാട്, റാന്നി സൗത്ത്, കോഴഞ്ചേരി, ആറന്മുള, വകയാർ, കോന്നി, അയിരൂർ സെക്ഷനുകളുടെ പരിധിയിൽ നാശനഷ്ടങ്ങളുണ്ട്.

വെള്ളക്കെട്ടിനെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ നിരവധി ട്രാൻസ്ഫോർമറുകളും ഫീഡറുകളും ഓഫ് ചെയ്തിരിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. വടശ്ശേരിക്കരയിൽ 99, റാന്നി പെരുനാട് 63, റാന്നി സൗത്ത് 108, കോഴഞ്ചേരി 2, വകയാർ 25, കോന്നി 168, റാന്നി നോർത്ത് 60, അയിരൂർ 87 എന്നിങ്ങനെ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്യേണ്ടിവന്നിട്ടുണ്ട്. വടശ്ശേരിക്കര, റാന്നി പെരുനാട്, റാന്നി സൗത്ത്, ആറന്മുള, കോന്നി, അയിരൂർ സെക്ഷനുകളിലെ എല്ലാ ഫീഡറുകളും ഓഫാണ്. കോഴഞ്ചേരി സെക്ഷനിലെ ചെറുകോൽ, കോഴഞ്ചേരി ഫീഡറുകളും വകയാർ സെക്ഷനിലെ കല്ലേലി ഫീഡറും ഭാഗികമായി ചാർജ് ചെയ്തിട്ടുണ്ട്. കല്ലേലി ഭാഗത്ത് ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കെ എസ് ഇ ബി മുഴുവൻ ജീവനക്കാരെയും ഫീൽഡിൽ വിന്യസിച്ചിട്ടുണ്ട്. പ്രളയസമാനമായ സാഹചര്യം നിലവിലുള്ളതിനാൽ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം ഘട്ടംഘട്ടമായി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുകയാണ്. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി കെ എസ് ഇ ബി പത്തനംതിട്ടയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പർ - 9446009451, 9656469242

ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലും സമാനമായ അവസ്ഥ നിലവിലുണ്ട്.

കൺട്രോൾ റൂം നമ്പരുകൾ:

ഇടുക്കി - 9496009265

പാലക്കാട് സർക്കിൾ - 9496009936

ഷൊർണ്ണൂർ സർക്കിൾ - 9496010094

മഞ്ചേരി സർക്കിൾ - 9496010273

നിലമ്പൂർ സർക്കിൾ- 9496012485

വടകര സർക്കിൾ - 9496010849

കോഴിക്കോട് - 9496010692

വൈദ്യുതി സംബന്ധമായ അപകടസാധ്യതകൾ കണ്ടാൽ അതത് സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ വിളിച്ച് അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ 1912 എന്ന നമ്പരിൽ വിളിച്ചോ 9496001912 എന്ന നമ്പരിൽ വിളിച്ച്/ വാട്സാപ് മുഖേന രജിസ്റ്റർ ചെയ്യാം.

ഇ20 പെട്രോൾ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

ധാക്കയിൽ ഇന്ത്യ-യുഎസ് കൂടിക്കാഴ്ച

"ഞാൻ ബെർണഡെറ്റിനെ കൊലപ്പെടുത്തിയിട്ടില്ല" 

ചോദ്യപേപ്പർ ചോർച്ച തടയൽ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികളെ കാണാതായി