സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന
MV Graphics
കൊച്ചി: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നത് ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്നു സൂചന. ജൂണ്‍ 15 മുതല്‍ നടപ്പിലാക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചത്. എന്നാല്‍ ചില ഘടകങ്ങള്‍ തടസമായി നില്‍ക്കുന്നതാണ് പദ്ധതി നീട്ടാനുള്ള കാരണമായി ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകളുടെ കണക്കെടുക്കാന്‍ 9 മുതൽ ജെന്‍ഡര്‍ ടിക്കറ്റിങ് അടക്കം നടപ്പാക്കിയിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ സ്ത്രീകളുടെ എണ്ണമെടുത്തും വനിതകള്‍ യാത്ര ചെയ്യുന്ന ശരാശരി ദൂരം കണക്കാക്കിയുമാണ് സൗജന്യ യാത്രാ പദ്ധതി എങ്ങനെ വേണമെന്ന് സർക്കാർ തീരുമാനിക്കുക.
ജൂണ്‍ മാസം കേരളത്തില്‍ മണ്‍സൂണ്‍ സീസണ് ആരംഭിക്കുന്ന സമയമായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ യാത്രയില്‍ സ്വാഭാവികമായ കുറവ് ഉണ്ടാകാറുണ്ട്. അതിനാല്‍ ജൂണ്‍ മാസത്തിലെ കണക്കുകള്‍ മാത്രം അടിസ്ഥാനമാക്കി നിഗമനങ്ങളിലെത്തുന്നത് ശരിയായ രീതിയാകില്ലെന്ന അഭിപ്രായമുണ്ട്. അതേസമയം ജൂണില്‍ സ്കൂള്‍ തുറക്കുന്ന സമയമായതിനാല്‍ വനിതാ യാത്രക്കാരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഏതായാലും ഇതുസംബന്ധിച്ച് വിവിധ വശങ്ങള് പഠിക്കുന്ന തിരക്കിലാണ് കെഎസ്ആര്‍ടിസി.
ഗതാഗതമന്ത്രി സി.പി. ജോണ്‍ ഡാറ്റ വിശകലനത്തിലും നയപരമായ പഠനങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയായതിനാല്‍ ക്രമരഹിതമായോ അപൂര്‍ണമായോ ഉള്ള കണക്കുകള്‍ അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. വിവിധ സീസണുകളിലെയും വ്യത്യസ്ത യാത്രാ സാഹചര്യങ്ങളിലെയും ഡാറ്റയുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണു സൂചന. അതുകൊണ്ട് തന്നെ ജൂണ്‍ 15ന് സംസ്ഥാനതലത്തില്‍ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതിനു പകരം, ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത പ്രധാന റൂട്ടുകള്‍ ഉള്‍പ്പെടുത്തി ഏകദേശം 14 ടെസ്റ്റ് റൂട്ടുകളില്‍ പൈലറ്റ് പ്രൊജക്റ്റായി പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് ഉള്ളത്.
ഇത്തരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ യാത്രക്കാരുടെ പ്രതികരണം, വരുമാനത്തിലെ മാറ്റം, സ്വകാര്യ ബസ് മേഖലയുടെ അവസ്ഥ, ഡിജിറ്റല്‍ ടിക്കറ്റിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത എന്നിവ വിലയിരുത്താന്‍ സാധിക്കും.
2019 മുതല്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ഒന്നാണ് ഡല്‍ഹി മോഡല്‍ ബസ് യാത്ര. സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയില്‍ ഡല്‍ഹി മോഡല്‍ രാജ്യത്തെ ഏറ്റവും മികച്ച മോഡലായി കണക്കാക്കപ്പെടുന്നു.
പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തോടുകൂടിയ പിങ്ക് സഹേലി കാര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി യാത്രക്കാരുടെ കൃത്യമായ ഡാറ്റ ശേഖരണം, ദുരുപയോഗം തടയല്‍, സാമ്പത്തിക നിയന്ത്രണം എന്നിവ ഡല്‍ഹി സര്‍ക്കാര്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. അതിനാല്‍ കേരളം പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും ഗതാഗത വകുപ്പും ഡല്‍ഹി സന്ദര്‍ശിച്ച് ഈ മാതൃക വിശദമായി പഠിക്കേണ്ടത് അത്യാവശ്യമാണെന്നു ഗതാഗത രംഗത്തെ വിദഗ്ധര്‍ പറയുന്നു. ശരിയായ പഠനവും ഹോം വര്‍ക്കും കൂടാതെയുള്ള തിടുക്കപ്പെട്ട പ്രഖ്യാപനങ്ങള്‍ പിന്നീട് സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും വലിയ സാമ്പത്തിക-ഭരണപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാമെന്ന മുന്നറിയിപ്പും വിവിധ സാമ്പത്തിക വിദഗ്ധരും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ പോലുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്.